fly

തിരുവനന്തപുരം: മെഡിക്കൽ കോളേജ് വളപ്പിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കോടികൾ ചെലവിട്ട് നിർമ്മിച്ച ഫ്ളൈഓവറിൽ അനധികൃത പാർക്കിംഗ് തുടരുമ്പോൾ ഗതാഗതം വീണ്ടും അഴിയാക്കുരുക്ക്. ഇരുവശത്തേക്കും വാഹന ഗതാഗതത്തിന് സൗകര്യമുള്ള ഫ്ളൈഓവറിന്റെ ഒരുവശം വാഹനങ്ങൾ കൈയടക്കിയ സ്ഥിതിയാണ്. മെഡിക്കൽ കോളേജിലും ആർ.സി.സിയിലും ശ്രീചിത്രയിലും രോഗികളുമായി വരുന്ന വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്യുന്നത്.

ശേഷിക്കുന്ന സ്ഥലത്ത് കൂടിയാണ് ഇപ്പോൾ വാഹനങ്ങൾ ഇരുവശത്തേക്കും പോകുന്നത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ,​ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് രോഗികളും കൂട്ടിരിപ്പുകാരും ഇതുവഴി നടന്നുപോകുന്നതിനാൽ ഫ്ളൈഓവറിൽ അപകടമുണ്ടാകാനുള്ള സാഹചര്യമാണുള്ളത്. ചില ദിവസങ്ങളിൽ ഇരുവശത്തേക്കുമുള്ള റോഡുകളിലും പാർക്കിംഗ് ഉണ്ടാകുന്നതിനാൽ ഫ്ലൈഓവർ വഴിയുള്ള യാത്ര ബുദ്ധിമുട്ടാകും. മെഡിക്കൽ കോളേജ് കാമ്പസിൽ മാസ്റ്റർ പ്ളാന്റെ രണ്ടാംഘട്ടമായി പ്രഖ്യാപിച്ചിരിക്കുന്ന നിർദ്ദിഷ്ട മൾട്ടിലെവൽ പാർക്കിംഗ് ഒന്നുമാകാതിരിക്കെയാണ് ഇവിടെ വാഹനങ്ങൾ നിരനിരയായി പാർക്ക് ചെയ്യുന്നത്.

മെഡിക്കൽ കോളേജ് - കുമാരപുരം റോഡിൽ മെൻസ് ഹോസ്റ്റലിന് സമീപത്തുനിന്ന് എസ്.എ.ടി ആശുപത്രിക്ക് സമീപമെത്തിച്ചേരുന്ന ഫ്ളൈഓവർ ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് മുഖ്യമന്ത്രിയാണ് നാടിന് സമർപ്പിച്ചത്. ആദ്യ ഏതാനും ആഴ്ചകൾ വഴി വാഹനങ്ങൾ ഓടിയതൊഴിച്ചാൽ പിന്നീട് വാഹന ഉടമകൾ പാർക്കിംഗിനായി ഫ്ളൈഓവർ കൈയടക്കുകയായിരുന്നു. എസ്.എ.ടി,​ ശ്രീചിത്ര,​ ആർ.സി.സി,​ മെഡിക്കൽ കോളേജ് ഓഫീസ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്കിൽപ്പെടാതെ രോഗികൾക്കും പൊതുജനങ്ങൾക്കും എത്തിച്ചേരാനാണ് മെഡിക്കൽ കോളേജ് മാസ്റ്റർ പ്ളാനിലുൾപ്പെടുത്തി 18.06 കോടി രൂപ ചെലവിൽ ഫ്ളൈഓവർ യാഥാർത്ഥ്യമാക്കിയത്.

പാർക്കിംഗിനെതിരെ നടപടിയെടുക്കും:

മെഡിക്കൽ കോളേജ് പൊലീസ്


ഫ്ളൈഓവറിൽ പാർക്കിംഗ് പാടില്ലെന്ന് കാണിച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഫ്ലൈഓവറിന്റെ എൻട്രി,​ എക്‌സിറ്റ് പോയിന്റുകളിലും പാർക്കിംഗിന് നിരോധനമുണ്ട്. പൊലീസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കേസെടുക്കും.