sasi

തിരുവനന്തപുരം: ചലച്ചിത്ര, സീരിയൽ നടൻ കാര്യവട്ടം ശശികുമാർ (69) നിര്യാതനായി. അസുഖബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ നടത്തി. കാര്യവട്ടമാണ് സ്വദേശം. ഏറെക്കാലമായി പൂജപ്പുര നാഗർകാവ് ടെമ്പിൾ റോഡ് പി.ആർ.എ 172ൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പരേതരായ സുകുമാരൻ നായരുടെയും ഇന്ദിരാദേവിയുടെയും മകനാണ്.

വൃക്കരോഗം ബാധിച്ചതിനെത്തുടർന്ന് ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് നടത്തിയിരുന്നു. ഒരാഴ്ചമുമ്പ് കാലിൽ വേദന വന്നതുകാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിലെ അസ്ഥിയിൽ ബലക്ഷയംകാരണം പൊട്ടലുണ്ടെന്നു കണ്ടതിനാൽ ശസ്ത്രക്രിയ നടത്തി. ഞായറാഴ്ച രാത്രി ഹൃദയാഘാതമുണ്ടായി. ചികിത്സാച്ചെലവിന് ബുദ്ധിമുട്ടുകയായിരുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു.

ചില നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1989ൽ പുറത്തിറങ്ങിയ 'ക്രൈംബ്രാഞ്ച്' ആണ് ആദ്യ ചിത്രം. നാഗം, മിമിക്സ് പരേഡ്, കുഞ്ഞിക്കുരുവി, ചെങ്കോൽ, ദേവാസുരം, കമ്പോളം, കുസൃതിക്കാറ്റ്, ആദ്യത്തെ കൺമണി തുടങ്ങി ഇരുപതോളം സിനിമകളിൽ അഭിനയിച്ചു. 'മയൂരനൃത്തം' എന്ന ചിത്രത്തിൽ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായും 'നാലുകെട്ടിലെ നല്ല തമ്പിമാർ' എന്ന ചിത്രത്തിന്റെ നിർമ്മാതാവുമായിരുന്നു. നടി കനകലതയെ വിവാഹം കഴിച്ചെങ്കിലും പിന്നീട് ബന്ധം വേർപെടുത്തി.

ഭാരത് ഭവനിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, നടന്മാരായ സുധീർ കരമന, നന്ദു, നിർമ്മാതാവ് സുരേഷ് കുമാർ, സംവിധായകൻ തുളസീദാസ് തുടങ്ങി നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു.