nedumudi-venu

''കോമരം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്. എൺപത്തൊന്നിലാണത്. ദീർഘമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു അത്. മദ്രാസിൽ ഒരുമിച്ചുള്ള താമസം. രഞ്ജിത് ഹോട്ടലിലായിരുന്നു ആദ്യം. പിന്നെ വുഡ്‌ലാന്റ്സ് ഹോട്ടലിലേക്ക്. അതിനു ശേഷം വുഡ്‌ലാൻസിന്റെ കോട്ടജിലേക്ക്. എൺപത്തഞ്ചു വരെ ഈ സഹവാസം തുടർന്നു. അദ്ദേഹവുമായുള്ള സൗഹൃദത്തിൽനിന്ന് എനിക്ക് ഒരുപാട് അനുഭവങ്ങൾ ഓർക്കാനുണ്ട്. പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതിൽ തുറന്നു തന്നത് വേണുവാണ്. തിരുവരങ്ങ് നാടകങ്ങൾ, സംഗീതം, നാടൻ കലാരൂപങ്ങൾ, കഥകളിയും കൂടിയാട്ടവും പോലുള്ള രംഗകലകൾ, അതിന്റെ ആട്ടപ്രകാരങ്ങൾ ആ രംഗത്തെ ആചാര്യന്മാർ! അങ്ങനെ ഞാനറിയാത്ത നിരവധി വിഷയങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി...''

സാക്ഷാൽ മമ്മൂട്ടിയുടെ ഈ വാക്കുകളിലുണ്ട് നെടുമുടി വേണു ആരായിരുന്നുവെന്നത്. അഭിനയം ഒരു ശരീരമാണെന്ന് സങ്കൽപ്പിക്കുക. ആ ശരീരത്തിന് ഏറ്റവും യോജിച്ച മുഖം നെടുമുടി വേണുവിന്റേതായിരിക്കും. വില്ലനായാലും നായകനായാലും സാധുവായാലും ക്രൂരനായാലും അതിബുദ്ധിമാനായാലും മന്ദബുദ്ധിയായാലും വിടനായാലും വീരനായാലും എന്തും ആ ശരീരഭാഷയ്ക്കു ചേരും. അല്ലെങ്കിൽ ആ അഭിനേതാവ് തന്റെ ശരീരഭാഷ അതിനനുസരിച്ച് ചവിട്ടിക്കുഴച്ച് രൂപപ്പെടുത്തിയെടുക്കും. അങ്ങനെ ഒരു വേണു മാത്രമേ ഇന്ത്യൻ സിനിമയിലുണ്ടായിരുന്നുള്ളൂ.

ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് അയത്നലളിതമായി തെന്നിമാറുന്ന വേണുച്ചേട്ടൻ ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്. തനതായ അഭിനയശൈലിയും അസുലഭമായ പ്രതിഭാവിലാസവും കൊണ്ട് മലയാള സിനിമയുടെ കൊടുമുടി കീഴടക്കിയ നെടുമുടി കഴിഞ്ഞ വർഷം ഇതേദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി മറ‌ഞ്ഞുപോയത്.

കാലം 1978. വേണു കാവാലം നാരായണപ്പണിക്കരുടെ സോപാനം കളരിയിൽ എത്തിയ നാളുകൾ. തലസ്ഥാനത്ത് കഴിയണം. വരുമാനമൊന്നുമില്ല. കാവാലം നേരെ കൂട്ടിക്കൊണ്ടു പോയത് പേട്ടയിലെ കേരളകൗമുദി ഓഫീസിലേക്ക്. അങ്ങനെയാണ് കലാകൗമുദി ആഴ്ചപ്പതിപ്പിന്റെ ലേഖകനാകുന്നത്. ഫിലിം മാഗസിൻ തുടങ്ങിയപ്പോൾ അതിന്റെയും ലേഖകൻ.

ഫിലിം മാഗസിനായി അഭിമുഖത്തിന് പോയപ്പോഴാണ് ഭരതനെ ആദ്യം കാണുന്നത്. അത് അടുത്ത സൗഹൃദമായി വളർന്നു. പദ്മരാജനും കടമ്മനിട്ടയുമൊക്കെ ചേർന്ന കൂട്ടായ്മ. ആ സൗഹൃദത്തിന്റെ ബലത്തിലാണ് രണ്ടാമത്തെ ചിത്രമായ 'ആരവ'ത്തെക്കുറിച്ച് ഭരതൻ പറഞ്ഞത്. നായക കഥാപാത്രത്തിന്റെ പേര് മരുത്. മരുത് ആയി ഭരതൻ കണ്ടിരിക്കുന്നത് കമലഹാസനെ.

ഒരു ദിവസം പദ്മരാജൻ ഭരതനോട് പറഞ്ഞു. ''വേണു മികച്ച നടനാണ്. പണിക്കർ സാറിന്റെ (കവാലം നാരാണപണിക്കർ) കളരിയിലെ പ്രധാന നടൻ.''

അടുത്ത കൂടിക്കാഴ്ചയിൽ ഭരതന്റെ ചോദ്യം '' വേണുവിന് മരുത് ആകാമോ ? ''. വേണു സസന്തോഷം ഏറ്റെടുത്തു. വേണുവിന്റെ മരുത് ഏറെ പ്രശംസിക്കപ്പെട്ടു. എന്നിട്ടും സിനിമയാണ് തന്റെ മേഖലയെന്ന് വേണു തീരുമാനിച്ചില്ല. അത്രയേറെ ഇഷ്ടമായിരുന്നു പത്രപ്രവർത്തനം . ഭരതന്റെ ഓഫർ കേട്ടപ്പോൾ വലിയ ആവേശമൊന്നും തോന്നിയില്ലെന്ന് പിന്നീട് നെടുമുടി പറഞ്ഞിട്ടുണ്ട്. ''സിനിമാഭിനയം അന്ന് ഭ്രമമുള്ള കാര്യമേ ആയിരുന്നില്ല. ഇഷ്ടമുള്ള നാടകലോകം കൂടെയുണ്ട്. വരുമാനത്തിനു പത്രപ്രവർത്തനവുമുണ്ട്. പക്ഷേ, 'തമ്പി'ലെ പ്രധാന കഥാപാത്രത്തിന് വേണ്ടി അരവിന്ദൻ എന്നെ പിടികൂടി. അതും കഴിഞ്ഞാണ് 'ആരവം' വരുന്നത്.'' പത്രപ്രവർത്തനം വിട്ട് സിനിമയിലേക്ക് പൂർണമായും കടക്കണമെന്നു തോന്നാൻ പത്തു പതിനഞ്ചു സിനിമ കഴിയേണ്ടിവന്നു. 'തകര' കഴിഞ്ഞും പത്രപ്രവർത്തനം തുടർന്നിരുന്നു.

സിനിമയിലെ തിരക്കുകൂടിയപ്പോൾ ആറുവർഷത്തിനു ശേഷമാണ് പത്രപ്രവർത്തനം ഉപേക്ഷിച്ചത്. പിന്നെ നാലര പതിറ്റാണ്ടോളം സിനിമ നെടുമുടിയെ വിട്ടില്ല. ഇന്ത്യൻ സിനിയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായി വളർന്നു. മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. സംവിധാനം, തിരക്കഥ എന്നിവയിലും പ്രതിഭ തെളിയിച്ചു.

2020 ആഗസ്റ്റിൽ ഒ.ടി.ടിയിൽ റിലീസായ തമിഴ് സിനിമാ സീരീസായ 'നവരസ'യിലെ 'സമ്മർ ഓഫ് 92' എന്ന ചിത്രത്തിൽ പ്രധാനമായും മൂന്ന് കഥാപാത്രങ്ങളുണ്ടായിരുന്നു. അതിലൊന്ന് വേണുച്ചേട്ടനു വേണ്ടി മാറ്റിവച്ചു സംവിധായകൻ പ്രിയദർശൻ. മറ്റാരെയും ആ കഥാപാത്രം ഏല്പിക്കാനാകില്ല. ചേട്ടൻതന്നെ ചെയ്യണം പ്രിയൻ പറഞ്ഞു. ''ഞാനിപ്പോൾ വേറെ എവിടേയും പോകുന്നില്ല പ്രിയാ... ആരോഗ്യമൊക്കെ മോശമാണ്'' എന്നായിരുന്നു പ്രതികരണം. അതു പറ്റില്ല. ചേട്ടൻ വന്നേ പറ്റൂ. രണ്ടുദിവസം കഴിഞ്ഞ് വിട്ടേക്കാമെന്ന് പ്രിയൻ. ഒടുവിൽ വേണുച്ചേട്ടൻ എത്തി. യോഗിബാബുവും രമ്യാ നമ്പീശനുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

അനാരോഗ്യമെന്നു പറ‌ഞ്ഞെത്തിയ വേണുച്ചേട്ടനെയല്ല കാമറയ്ക്കു മുന്നിൽ പ്രിയൻ കണ്ടത്. ശരീരം കഥാപാത്രത്തിന്റേതായി , ചലനങ്ങളും. കഥാപാത്രം ഏതായാലും അനായാസം അഭിനയിക്കാൻ വേണുച്ചേട്ടനോളം കഴിവുള്ളവർ അപൂർവമാണ്. സമ്മർ ഓഫ് 92 പൂർത്തിയാക്കി അദ്ദേഹം മടങ്ങുമ്പോഴും പതിവുപോലെ തൃപ്തനായിരുന്നു. പിന്നെയൊരു സിനിമയിൽക്കൂടി വേഷമിടാൻ അനുവദിക്കാതെയാണ് മരണം തിരശീലയിട്ടത്.

തകരയിലെ ചെല്ലപ്പനാശാരി,​ 'താളവട്ട'ത്തിലെ ഡോ. ഉണ്ണികൃഷ്ണൻ, വന്ദനത്തിലെ കുര്യൻ ഫെർണാണ്ടസ്, 'തേന്മാവിൻ കൊമ്പത്തി'ലെ ശ്രീകൃഷ്ണൻ തമ്പുരാൻ 'ചെപ്പി'ലെ പ്രൊഫ. വർക്കി, 'ചിത്ര'ത്തിലെ അഡ്വ. പുരുഷോത്തമ കൈമൾ,​ ചാമരത്തിലെ പുരോഹിതൻ,​ വിടപറയും മുമ്പെയിലെ സേവ്യർ,​ ഇഷ്ടത്തിലെ കൃഷ്ണൻകുട്ടി മേനോൻ,​ ഹിസ്ഹൈസസ് അബ്ദുള്ളയിലെ ഉദയവർമ്മ,​ സർവകലാശാലയിലെ ആശാൻ,​ ഇവർ തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ? ഒരു സാമ്യവുമില്ലാത്ത ഏതുതരം കഥാപാത്രമായി മാറാനും വേണുച്ചേട്ടന് കഴിഞ്ഞിരുന്നു. അഹംഭാവം തൊട്ടുതീണ്ടാത്ത നടനായിരുന്നു. വേണുച്ചേട്ടൻ സെറ്റിൽ ദേഷ്യപ്പെടുന്നത് തന്നെ അപൂർവം. എപ്പോഴും പ്രസന്നവദനനായിരുന്നു.

നെടുമുടി വേണുവിന്റെ വേർപാടിന് ഒരാണ്ട് തികുയുമ്പോഴും പെട്ടെന്ന് ഓർമ്മകളിലേക്ക് നിറയുന്ന സീനും ഗാനവും സർവകലാശാലയിലേതാണ്. ആ ഗാനമാണ്...

''അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക താ....''