kovalam

കോവളം: തിരുവല്ലത്ത് സമാന്തര പാലത്തിന്റെ നിർമ്മാണം വൈകുന്നതിനാൽ തിരുവല്ലം ജംഗ്ഷൻ മുതൽ കരിമ്പുവിള വരെയുള്ള അരകിലോമീറ്ററോളം ഭാഗത്ത് ബൈപാസിലൂടെ വാഹനങ്ങൾ തോന്നുംപടി സഞ്ചരിക്കുകയാണ്. ദിനവും ഇവിടെ അപകടങ്ങളും പതിവാണ്.

അപകടം ഇല്ലാതാക്കാൻ ദേശീയപാത അതോറിട്ടി തിരുവല്ലത്ത് അടിയന്തരമായി മറ്റൊരു സമാന്തര പാലം കൂടി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷേ മൂന്ന് വർഷം കഴിഞ്ഞിട്ടും ഈ പദ്ധതി കടലാസിൽ മാത്രമായി ഒതുങ്ങി. പാലത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും അംഗീകാരം ലഭിക്കാത്തതാണ് പണി വൈകാൻ കാരണമെന്നാണ് ദേശീയപാത അതോറിട്ടി അധികൃതർ പറയുന്നത്.

ബൈപ്പാസിലെത്തുന്ന വാഹനങ്ങൾ എവിടെ തിരിയണമെന്നറിയാതെ നട്ടം തിരിയുകയാണ് ഇപ്പോൾ. നിലവിൽ ഇരുവശങ്ങളിലേക്കും പോകുന്ന വാഹനങ്ങൾ വൺവേ റോഡിലൂടെ പോകുന്നുണ്ട്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് ട്രാഫിക് പൊലീസ് അധികൃതർ, എൻ.എച്ചിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അധികമായ സാമ്പത്തിക ബാദ്ധ്യത വരുമെന്ന് മനസിലാക്കി ദേശീയപാത അതോറിട്ടി പദ്ധതി വൈകിപ്പിക്കുകയാണ്.

പാലം നിർമ്മാണം പൂർത്തിയാക്കാതെ തൊട്ടടുത്ത് ടോൾ പിരിവ് നടത്തുന്നതിനെതിരെ യാത്രക്കാർക്ക് കടുത്ത അമർഷമുണ്ട്.

ബൈപ്പാസിലെ അപകടങ്ങൾക്ക് കാരണം

തിരുവല്ലത്ത് അശാസ്ത്രീയമായി ബൈപ്പാസ് നിർമിച്ചതാണ് അപകടങ്ങൾക്ക് കാരണം.

മറ്റൊരു പാലം വേണം

മറ്റൊരു പാലം വന്നാൽ ബൈപാസിൽ കയറാതെ സർവീസ് റോഡുകൾ വഴി വാഹനങ്ങൾക്ക് നഗരത്തിൽ പ്രവശിക്കാൻ കഴിയും. 2019ലാണ് ഇവിടെ പാലമെന്ന ആശയം ദേശീയപാത അതോറിട്ടി മുന്നോട്ടുവച്ചത്. കഴിഞ്ഞ വർഷം പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും വിവിധ കാരണങ്ങളാൽ ഇത് മുടങ്ങി.

എസ്റ്റിമേറ്റ് തയ്യാറാക്കിയത്

10 കോടി രൂപ ചെലവിൽ 110 മീറ്റർ നീളത്തിൽ പഴയ പാലം നിലനിറുത്തി പുതിയ പാലം നിർമ്മിക്കാനാണ് എസ്റ്റിമേറ്റ് നൽകിയത്. കോവളത്തു നിന്ന് പഴയ റോഡ് വഴി കിഴക്കേകോട്ടയിലേക്ക് പോകുന്നതും മുട്ടത്തറയിൽ നിന്ന് ബൈപാസ് വഴി കോവളത്തേക്ക് പോകുന്നതും പഴയ പി.ഡബ്ല്യു.ഡി പാലം വഴിയാണ്. നിലവിൽ ഇവിടെ സിഗ്നൽ സംവിധാനവുമില്ലാത്തതുകൊണ്ട് നാല് വശത്ത് നിന്നും വാഹനങ്ങൾ വരുന്നതിനാൽ അപകടങ്ങൾ തുടർക്കഥയായി മാറുകയാണ്.

എളുപ്പമാർഗം അപകടക്കെണിയാകും

കരോട്ടു നിന്ന് കഴക്കൂട്ടത്തേക്ക് പോകുന്ന വാഹനങ്ങൾക്കായി ദേശീയപാത അതോറിട്ടി പഴയ തിരുവല്ലം പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിച്ചിട്ടുണ്ട്. പക്ഷേ ദേശീയപാതയിലൂടെ വരുന്ന ചില വാഹനങ്ങളും പാച്ചല്ലൂർ ഭാഗത്തു നിന്നുള്ളവയും പഴയ റൂട്ടിലാണ് പോകുന്നത്. കിഴക്കേകോട്ടയിലേക്കുള്ള എളുപ്പവഴിയായ അമ്പലത്തറ റോഡിലേക്ക് പ്രവേശിക്കാൻ വാഹനങ്ങൾ പഴയ തിരുവല്ലം പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ദേശീയപാത അതോറിട്ടിയുടെ രൂപകല്പന അനുസരിച്ച് പാച്ചല്ലൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ ജംഗ്ഷനിൽ യു-ടേണെടുത്ത് പുതിയ തിരുവല്ലം പാലത്തിലെത്തി കുമാരിച്ചന്തയിൽ വീണ്ടും തിരിഞ്ഞ ശേഷം അവർക്ക് കിഴക്കേകോട്ടയിലേക്ക് പോകാം. ഈ വഴി സ്വീകരിക്കുന്നതിന് പകരം വാഹനങ്ങൾ അപകടകരമായ എളുപ്പമാർഗം സ്വീകരിക്കുകയാണ്.