തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ നിർമ്മാണ പ്രവൃത്തികളുടെ തൽസ്ഥിതി അറിയിക്കുന്നതിലും അവലോകന യോഗങ്ങളിൽ പങ്കെടുക്കുന്നതിലും വീഴ്ച വരുത്തിയ കേരള റോഡ് ഫണ്ട് ബോർഡ് കാസർകോട് ഡിവിഷണൽ എക്സിക്യുട്ടീവ് എൻജിനീയർ കെ.സീനത്ത് ബീഗത്തെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞദിവസം കാസർകോട് വിളിച്ചുചേർത്ത അവലോകന യോഗത്തിൽ കെ.ആർ.എഫ്.ബിക്ക് കീഴിലുള്ള പദ്ധതികളെപ്പറ്റി യാതൊരു ധാരണയുമില്ലാതെ എത്തിയ എക്സിക്യൂട്ടീവ് എൻജിനീയറെ മന്ത്രി മുഹമ്മദ് റിയാസ് ശാസിച്ചിരുന്നു. ഇവരുടെ കൃത്യനിർവഹണം സംബന്ധിച്ച്
അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ മന്ത്രി നിർദ്ദേശിച്ചു.
ഓഫീസിൽ ഹാജരാകാതിരിക്കുക, പ്രൊജക്ട് ഡയറക്ടറുടെ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക, പൊതുജനങ്ങളും ജനപ്രതിനിധികളും ഉന്നയിക്കുന്ന പരാതികൾക്ക് പരിഹാരം കാണാതിരിക്കുക, എക്സിക്യൂട്ടീവ് എൻജിനീയർ എന്ന നിലയിൽ മേൽനോട്ട ചുമതലകൾ നിർവഹിക്കാതിരിക്കുക തുടങ്ങിയ വീഴ്ചകൾ കണ്ടെത്തി.
മന്ത്രിയുടെ നിർദ്ദേശ പ്രകാരം
പൊതുമരാമത്ത് ജോയിന്റ് സെക്രട്ടറി സാംബശിവറാവുവാണ് സസ്പെൻഡ് ചെയ്തത്.