
വക്കം: വക്കം പണയിൽക്കടവ് ഗുരുമന്ദിരത്തിന്റെ കാണിക്കവഞ്ചി ഇന്നലെ രാവിലെ മോഷണം പോയതായി പരാതി.വിളക്ക് കത്തിക്കാനെത്തിയവരാണ് കാണിക്കവഞ്ചി മോഷണം പോയവിവരം അറിയിച്ചത്. ഭാരവാഹികൾ കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകി. ആറു മാസം മുൻപാണ് കാണിക്ക വഞ്ചി മന്ദിരത്തിന്റെ മുൻവശത്തുള്ള കോൺക്രീറ്റ് തൂണിൽ സ്ഥാപിച്ചത്. കഴിഞ്ഞ ചതയദിനത്തിനും കന്നി 5നും ഗുരുമന്ദിരത്തിൽ നല്ല തിരക്കായിരുന്നു. അതിനാൽ നല്ലൊരു തുക ഇതിലുണ്ടാകുമെന്നാണ് ഭാരവാഹികൾ പറഞ്ഞത്. അടുത്തിടെയായി ബൈക്കിലെത്തുന്ന സംഘത്തിൽ ചിലർ ഇവിടെ നടക്കുന്നത് പരിസര പ്രദേശങ്ങളിലെ വീടുകളിലെ സി.സി ടിവി ദൃശ്യങ്ങളിലുണ്ട്. കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.