നെയ്യാറ്റിൻകര: കഴുത്തിൽ റബർ കമ്പ് കുത്തിക്കയറ്റിയ നിലയിൽ അതിയന്നൂർ മരുതംകോട് സ്വദേശി വിജയകുമാരി (50)ഗുരുതരമായി ആശുപത്രിയിൽ. അതിര് തർക്കത്തെ തുടർന്ന് അയൽക്കാരനും അയാളുടെ ബന്ധുവും ചേർന്ന് കമ്പ് കുത്തിക്കയറ്റിയെന്നാണ് പരാതി. വിജയകുമാരി മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. കമ്പ് കുത്തിക്കയറ്റിയതായിപ്പറയുന്ന അനീഷ് (28) ,സുഹൃത്ത് നിഖിൽ (22)എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.

മണലുവിള സ്വദേശിയായ വിജയകുമാരി 15 വർഷം മുമ്പാണ് ഇടയ്ക്കാട്ടുകുഴിയിൽ താമസത്തിനെത്തിയത്. ഭർത്താവ് വർഷങ്ങൾക്കുമമ്പ് ഗൾഫിൽവച്ച് മരിച്ചു. വിദ്യാർത്ഥിയായ മകൾക്കൊപ്പമാണ് താമസം. വിജയകുമാരിയുടെ അതിരിനോടു ചേർന്ന് നടക്കുന്ന വീടുപണിയുടെ പേരിൽ കമുകിൻകോട് ഒറ്റപ്ലാവിള അനീഷും വിജയകുമാരിയും തമ്മിൽ വാക്കുതർക്കം പതിവാണ്. കഴിഞ്ഞ ദിവസവും വാക്കേറ്റമുണ്ടായി. ഇയാളുടെ കുഞ്ഞമ്മയുടെ മകൻ അരങ്കമുകൾ ഇലവിൻമൂട് കോട്ടതലക്കുഴി മേലെ വീട്ടിൽ നിഖിലും ചേർന്ന് വിജയകുമാരിയുടെ വീട്ടിന് മുന്നിലെത്തി മൊബൈലിൽ ഫോട്ടെയെടുക്കാൻ ശ്രമിച്ചു. വിജയകുമാരി ബഹളം വച്ചതോടെ ഇരുവരും ചേർന്ന് ഉപദ്രവിച്ചു. മകൾ പോളിടെക്നിക് വിദ്യാർത്ഥിയായ ശിവകല വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ട് ജനലിലൂടെ നോക്കിയപ്പോൾ ഇരുവരും ചേർന്ന് അമ്മയെ ഉപദ്രവിക്കുകയായിരുന്നുവെന്നും , വാതിൽ തുറന്ന് പുറത്തെത്തിയപ്പോൾ അമ്മയുടെ കഴുത്തിൽ കമ്പ് കുത്തിക്കയറിയ നിലയിൽ ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും മൊഴി നൽകിയിട്ടുണ്ട്. മകളുടെ നിലവിളി കേട്ടാണ് സമീപവാസികൾ വിവരമറി‌ഞ്ഞത്. പൊലീസാണ് വിജയകുമാരിയെ ആശുപത്രിയിലെത്തിച്ചത്. 6 സെ.മീറ്റർ നീളത്തിൽ കഴുത്തിൽ കുത്തിക്കയറിയ കമ്പ് മകളാണ് വലിച്ചൂരിയതെന്ന് പൊലീസ് പറയുന്നു.