oct10a

ആറ്റിങ്ങൽ: ഏക ആശ്രയമായിരുന്ന മകൻ മരിച്ചതോടെ മകന്റെ ഭാര്യയുടെയും കുട്ടികളുടെയും സംരക്ഷണം ഏറ്റെടുത്ത 50കാരി സുമനസുകളുടെ സഹായം തേടുന്നു. മണമ്പൂർ പഞ്ചായത്തിലെ പത്താം വാർഡിൽ കണ്ണങ്കര പുന്നയ്ക്കാട്ടു കോണം ചരുവിള പുത്തൻ വീട്ടിൽ രാധാമണിയാണ് (50) ആരോഗ്യ പ്രശ്നങ്ങൾ കാരണം ജോലിക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്.

ഏക മകൻ നന്ദകുമാർ (26) നെഞ്ചുവേദനയെ തുടർന്ന് 2020 തിരുവോണ നാളിലാണ് മരിച്ചത്. ഇതോടെ നന്ദകുമാറിന്റെ ഭാര്യ ജയശ്രീ,​ മക്കളായ നന്ദന,​ ശ്രീനന്ദു,​ നന്ദൻ എന്നിവരുടെ സംരക്ഷണ ചുമതല രാധാമണി ഏറ്റെടുത്തു. ആകെയുള്ള അഞ്ച് സെന്റിൽ വർക്കല ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് കിട്ടിയ മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച വീട്ടിലാണ് അഞ്ചംഗ കുടുംബം കഴിയുന്നത്. വീടുപണി പൂർത്തിയാക്കാതെയാണ് താമസം തുടങ്ങിയത്. രാധാമണിയുടെ ഭർത്താവ് 17 വർഷം മുൻപാണ് മരിച്ചത്. മകനെ വളർത്താനായി രാധാമണി കൂലിപ്പണിക്ക് ഇറങ്ങി. നന്ദകുമാറിന്റെ മരണത്തോടെ വീണ്ടും രാധാമണി കൂലിപ്പണിക്ക് പോയി തുടങ്ങി. അസുഖം കാരണം ഇപ്പോൾ പണിക്ക് പോകാൻ കഴിയുന്നില്ല. റേഷൻ കിട്ടുന്ന 10 കിലോ അരികൊണ്ടാണ് കുടുംബം ഒരുമാസം തള്ളി നീക്കുന്നത്. നാട്ടുകാരും സഹായിക്കും. ഇനി ജീവിക്കാൻ സുമനസുകളുടെ സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. നാട്ടുകാർ രാധാമണിയുടെ പേരിൽ ഫെഡറൽ ബാങ്ക് മണമ്പൂർ ശാഖയിൽ 10930100253620 എന്ന നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് FDRL0001093. ഫോൺ: 9747560683.