mula

തിരുവനന്തപുരം: ഉത്തർ പ്രദേശിലെ സ്കൂളുകളിലെ കേരളീയരായ വിദ്യാർത്ഥികൾക്ക് മലയാള ഭാഷ പഠിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള തീരുമാനം മുലായംസിംഗ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് എടുത്തതെന്ന് സമാജ് വാദി പാർട്ടി നേതാവ് ജോ ആന്റണി പറഞ്ഞു. മുലായവുമായി വ്യക്തിബന്ധം പുലർത്തിയിരുന്ന സമാജ് വാദി പാർട്ടി ദേശീയ സെക്രട്ടറിയും കേന്ദ്രപാർലമെന്ററി ബോർ‌ഡ് അംഗവുമായ കൊച്ചി സ്വദേശി ജോ ആന്റണിക്ക് ഏറെ മധുരതരമാണ് മുലായംജിയെക്കുറിച്ചുള്ള ഓർമ്മകൾ.

എ.പി.ജെ. അബ്ദുൾ കാലമിനെ രാഷ്ട്രപതിയാക്കണമെന്ന നിർദ്ദേശം ആദ്യമായി മുന്നോട്ടു വച്ചത് മുലായമാണെന്നതും ജോ അനുസ്മരിക്കുന്നു.

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടി നില കൊണ്ട നേതാവായിരുന്നു അദ്ദേഹം. ഒന്നാം യു.പി.എ സർക്കാർ അധികാരത്തിലെത്തുമ്പോൾ സമാജ് വാദി പാർട്ടി അംഗമായിരുന്നില്ലെങ്കിലും ആണവ ബില്ല് അവതരിപ്പിച്ചപ്പോൾ സമാജ് വാദി പാർട്ടി പിന്തുണച്ചത് രാഷ്ട്ര സുരക്ഷ മുന്നിൽക്കണ്ടാണ്. മലപ്പുറത്തെ പൂക്കോട്ടൂർ ലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാരിന് മുന്നിൽ അവതരിപ്പിച്ചതും മുലായമായിരുന്നു.

1992-ൽ ലക്നൗവിൽ സമാജ് വാദി പാർട്ടിയുടെ ദേശീയ സമ്മേളനം നടക്കുമ്പോൾ തിരഞ്ഞെടുക്കപ്പെട്ട 22 കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ കേരളത്തിൽ നിന്നുള്ള ഏക പ്രാതിനിദ്ധ്യം ജോ ആന്റണിയുടേതായിരുന്നു.