
ആറ്റിങ്ങൽ: സ്വകാര്യ ബസുകൾക്കായി സ്ഥാപിച്ച ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിമിതികളാൽ ബുദ്ധിമുട്ടുന്നു. നവീകരണം ഉണ്ടാകും, ബസ് സ്റ്റാൻഡ് മാമത്തേക്ക് മാറ്റുമെന്നൊക്കെ പറയാൻ തുടങ്ങിയിട്ട് 25 കൊല്ലമായി. നഗരസഭയ്ക്ക് മികച്ച വരുമാനം സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് ലഭിക്കുന്നുണ്ട്. എന്നാൽ അതിനുതക്ക വികസനം ഇവിടെയില്ലെന്നാണ് യാത്രക്കാരുടെ പരാതി.
ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള റോഡ് നാലുവരിപ്പാതയായി വികസിപ്പിച്ചു. ഇപ്പോഴുള്ള സ്ഥലത്ത് ആധുനിക രീതിയിൽ സ്റ്റാൻഡ് നിർമ്മിക്കാനുള്ള പദ്ധതി ഇടയ്ക്ക് ചർച്ച ചെയ്തതാണ്. നിലവിലെ പഴകിയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ഭൂമിക്കടിയിൽ പാർക്കിംഗ് സൗകര്യവും റോഡ് നിരപ്പിൽ ബസ് സ്റ്റാൻഡും അതിനു മുകളിൽ ഷോപ്പിംഗ് കോംപ്ലക്സും സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിന് മതിയായ സാമ്പത്തികമില്ലാത്തതിനാൽ നഗരസഭ ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.