തിരുവനന്തപുരം: തോക്കുമായി നഗരത്തെ വിറപ്പിച്ച സംഭവത്തിൽ റിമാൻഡിലായിരുന്ന യു.പി സ്വദേശി മുഹമ്മദ് ഷെമീം അൻസാരിയെ (28) തിരുവനന്തപുരം ജുഡിഷ്യൽ മജിസ്ട്രേറ്ര് കോടതി അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇടപ്പഴഞ്ഞിയിൽ മലയിൻകീഴ് സ്‌കൂളിലെ അദ്ധ്യാപിക സിന്ധുവിന്റെ വീട്ടിലെ കവർച്ചാശ്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിനും തെളിവെടുപ്പിനുമായി മ്യൂസിയം പൊലീസ് സമർപ്പിച്ച അപേക്ഷയിലാണ് നടപടി.
സിന്ധുവിന്റെ വീട്ടിലെ കവർച്ചാശ്രമവും ആസൂത്രണവും കവർച്ചാശ്രമത്തിനിടെ ഉപയോഗിച്ച തോക്ക് കണ്ടെത്തലും ഉൾപ്പെടെ കേസിലെ നടപടികൾ പൂർത്തിയാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. കൂടാതെ മുഹമ്മദ് ഷെമീം അൻസാരിയെയും കൂട്ടാളിയെയും കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് മനസിലാക്കേണ്ടതുണ്ട്. കസ്റ്റഡി കാലാവധിക്കുള്ളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 22നാണ് നഗരത്തെ ഞെട്ടിച്ച കവർച്ചയും കവർച്ചാശ്രമവുമുണ്ടായത്.
ആറ്റുകാൽ ക്ഷേത്രത്തിന് സമീപം കട നടത്തുന്ന സുരേഷിന്റെ വീട്ടിൽ നിന്ന് സ്വർണവും പണവും അപഹരിച്ച സംഘം ഇടപ്പഴഞ്ഞി സ്വദേശിയായ അദ്ധ്യാപികയുടെ വീട്ടിൽ കവർച്ചയ്‌ക്ക് ശ്രമിക്കുകയായിരുന്നു. അദ്ധ്യാപികയുടെ വീടിന്റെ കതക് പൊളിക്കാൻ ശ്രമിക്കുന്നത് ചോദ്യം ചെയ്‌ത യുവാവിന് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെട്ട സംഘം ശ്രീകണ്ഠേശ്വരത്ത് ഇവരുടെ സ്‌കൂട്ടർ തടയാൻ ശ്രമിച്ച വഞ്ചിയൂർ സ്റ്റേഷനിലെ പൊലീസുകാരനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. മ്യൂസിയം പൊലീസിന്റെ അന്വേഷണം അവസാനിച്ചശേഷം വഞ്ചിയൂർ പൊലീസും ഫോർട്ട് പൊലീസും മുഹമ്മദ് അൻസാരിയെ കസ്റ്റഡിയിൽ വാങ്ങും.