
തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടിയുള്ള ദയാബായിയുടെ സമരം ഓരോ മലയാളിയുടെയും മനഃസാക്ഷിയോടുള്ള ചോദ്യമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നടത്തുന്ന നിരാഹാര സമരത്തിന്റെ ഒമ്പതാംദിനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എൻഡോസൾഫാൻ ഇരകളുടെ വിഷയത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്നും മുഖ്യമന്ത്രിക്ക് ഈ-മെയിൽ സന്ദേശം അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമ്പലത്തറ കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി,വി.എസ്.ശിവകുമാർ,വർക്കല കഹാർ,കെ.പി.സി.സി നിർവാഹക സമിതി അംഗം ജെ.എസ്.അഖിൽ,എം.ഷാജർഖാൻ,ഫാ.ഡാനിയേൽ വർഗീസ്,അഡ്വ.ഷിഹാബുദീൻ കരിയത്ത്, ഡോ.എൻ.കൃഷ്ണൻ എന്നിവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.കെ.പി.സി.സി മൈനോറിറ്റി കോൺഗ്രസ് സമരത്തിന് പിന്തുണ അറിയിച്ച് മാർച്ച് നടത്തി.സമരത്തോടനുബന്ധിച്ച് ഇന്ന് കരിദിനം ആചരിക്കുകയും ആക്ടിവിസ്റ്റ് ശോഭനയുടെ നേതൃത്വത്തിൽ പ്രകടനം നടത്തുകയും ചെയ്തു.
2013ൽ ഉമ്മൻചാണ്ടി സർക്കാർ കാസർകോട് മെഡിക്കൽ കോളേജിന് തറക്കല്ലിട്ടിട്ടും ഇതുവരെ അത് യാഥാർത്ഥ്യമായില്ലെന്നും കൊവിഡ് കാലത്ത് ടാറ്റ ആശുപത്രി തുടങ്ങുമെന്ന് പറഞ്ഞിട്ട് അതിനായി പ്രാഥമികമായ കാര്യങ്ങൾ പോലും ചെയ്തിട്ടില്ലെന്നും സമരപ്പന്തലിൽ ദയാബായിക്ക് ഐക്യദാർഢ്യവുമായെത്തിയ രമേശ് ചെന്നിത്തല പറഞ്ഞു.