തിരുവനന്തപുരം: എട്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ശോഭന വീണ്ടും സൂര്യാ വേദിയിൽ ചുവടുവച്ചു. മാർച്ച് 21ന് തന്റെ പിറന്നാൾ ദിനത്തിലാണ് ശോഭന ആന്റിമാർ കൂടിയായ ലളിത - പദ്മിനി- രാഗിണിമാരുടെ സ്മരണയ്ക്കായി ഫ്യൂഷൻ നൃത്തം ഒരുക്കിയത്. സൂര്യ ഫെസ്റ്റിവലിന്റെ പത്താം ദിനത്തിൽ നിറഞ്ഞ വേദിയിലാണ് ഭരതനാട്യവുമായി ശോഭന എത്തിയത്. ശ്യാമശാസ്ത്രി കൃതിയിലെ ദേവി കാമാക്ഷിയെ സ്തുതിക്കുന്ന 'കാഞ്ചി കാമാക്ഷി അംബ' എന്ന പദത്തിന് ചുവടുവച്ചാണ് 45-ാം സൂര്യ ഫെസ്റ്റിവലിൽ ശോഭന കാണികളെ നൃത്തമഴയിൽ ആറാടിച്ചത്. ത്യാഗേശ ഭഗവാനെ തേടുന്ന ശങ്കരാഭരണം രാഗത്തിലെ പദവർണമായിരുന്നു പിന്നീട് നൃത്തപ്രേമികൾക്കായി ഒരുക്കിയത്. ചെറിയ ഇടവേളയിൽ വീണ്ടും നൃത്തം ചെയ്യാൻ ക്ഷണിച്ചതിലെ നന്ദി അറിയിച്ച താരം അരങ്ങുകൾ വീണ്ടും ഉണരുന്നതിലെ സന്തോഷവും പങ്കുവച്ചു.പ്രശസ്ത കഥക് നർത്തകി മധുമിത റോയിയും സംഘവും അവതരിപ്പിച്ച കഥക് നൃത്തവും അരങ്ങേറി.ഇന്നു മുതൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പഞ്ചരത്ന വിമൻ ടാക്ക് ഫെസ്റ്റിവലും വനിതാ ചലച്ചിത്രോത്സവവും ആരംഭിക്കും. ഇന്ന് വൈകിട്ട് 6.45ന് തൈക്കാട് ഗണേശത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയുടെ ടാക‌് ഷോയും തുടർന്ന് വിധു വിൻസെന്റ് ഒരുക്കിയ വൈറൽ സെബി എന്ന ചലച്ചിത്രവും അരങ്ങേറും.