obit

ഒറ്റപ്പാലം: തിരുവനന്തപുരം വർക്കല പുതുശേരിമുക്ക് സ്വദേശിയും ബംഗളൂരുവിൽ പെയിന്റിംഗ് കരാറുകാരനുമായ ജെ. പ്രസാദിനെ (62) ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം മങ്കര റെയിൽവെ സ്‌റ്റേഷനുകൾക്കിടയിൽ പത്തിരിപ്പാല പേരൂർ പൂക്കാട്ടുകുന്ന് റെയിൽവെ ട്രാക്കിന് സമീപം ഇന്നലെ രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിൽ നിന്ന് പൊലീസ് കണ്ടെത്തിയ ഇലക്ഷൻ ഐ.ഡി കാർഡിൽ നിന്നാണ് ആളെയും മേൽവിലാസവും തിരിച്ചറിഞ്ഞത്. ബംഗളൂരു വിജ്ഞാൻ നഗറിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസക്കാരനായ പ്രസാദ് മൈസൂർ കൊച്ചുവേളി എക്സ്പ്ര‌സ് ട്രെയിനിൽ നാട്ടിലേക്ക് തിരിച്ചതായിരുന്നു. യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണതാകാമെന്ന് ഒറ്റപ്പാലം പൊലീസ് പറഞ്ഞു. ബംഗളൂരുവിൽ ബ്യൂട്ടി പാർലർ നടത്തുന്ന ഷീബയാണ് പ്രസാദിന്റെ ഭാര്യ. രണ്ട് ആൺമക്കൾ വിദേശത്താണ്.