നാഗർകോവിൽ: സ്കൂളിൽ പോകാതെ മൊബൈൽ ഫോണിൽ ഗെയിം കളിച്ചതിന് അമ്മ ശകാരിച്ചതിന്റെ പേരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. ആരുവാമൊഴി സ്വദേശി പരേതനായ മുത്തുകൃഷ്ണൻ - തങ്കം ദമ്പതികളുടെ മകൾ രമ്യയാണ് ജീവനൊടുക്കിയത്. ദമ്പതികളുടെ മൂത്ത മകളാണ് രമ്യ. മുത്തുകൃഷ്ണൻ നേരത്തേ മരിച്ചിരുന്നു. അതിനുശേഷം കൂലിപ്പണി ചെയ്താണ് തങ്കം കുട്ടികളെ വളർത്തിയിരുന്നത് . രമ്യയെക്കൂടാതെ രണ്ട് ആൺകുട്ടികൾ കൂടിയുണ്ട്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. സ്കൂളിൽ പോകാതെ രമ്യ ഗെയിം കളിച്ചു കൊണ്ടിരുന്നതോടെ തങ്കം ദേഷ്യപ്പെട്ട് ഫോൺ പിടിച്ചു വാങ്ങി. ഉടൻതന്നെ കരഞ്ഞു കൊണ്ട് മുറിയിൽക്കയറി വാതിൽ അടച്ച രമ്യ ഏറെ നേരമായിട്ടും പുറത്തുവന്നില്ല. അയൽവാസികൾ വാതിൽ തകർത്ത് മുറിയിൽ നോക്കിയപ്പോൾ രമ്യ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. 108 ആംബുലൻസ് ജീവനക്കാർ പരിശോധിച്ച് രമ്യ മരിച്ചതായി അറിയിക്കുകയായിരുന്നു.