 കുറ്റം ഹോട്ടലുടമയുടെ തലയിൽ കെട്ടിവച്ചു

തിരുവനന്തപുരം: നിയമങ്ങൾ കാറ്റിൽപറത്തി എം.ജി റോഡിൽ പാർക്കിംഗ് സൗകര്യം നൽകിയ സംഭവത്തിൽ കുറ്റം ഹോട്ടലുടമയുടെ മേൽ ചാരി,​ അനുമതി റദ്ദാക്കി തലയൂരി നഗരസഭ. മറ്റു വാഹനങ്ങളുടെ പാർക്കിംഗ് തടയുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹോട്ടലുടമ കരാർ ലംഘിച്ചു എന്ന പേരിലാണ് അനുമതി റദ്ദാക്കിയത്. ഇക്കാര്യം പരിശോധിക്കാൻ ചുമതലപ്പെടുത്തിയ എൻജിനിയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കരാർ ലംഘനമുണ്ടെന്നും റദ്ദാക്കണമെന്നുമാണ് റിപ്പോർട്ട് നൽകിയത്.

എന്നാൽ,​ സി.പി.എം അനുഭാവിയായ ഹോട്ടലുടമയ്ക്കായി റോഡരിക് വാടകയ്ക്ക് നൽകിയത് ചട്ടം മറികടന്നാണെന്ന ആരോപണത്തിൽ നഗരസഭ ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. ഇത്തരമൊരു കരാറുണ്ടാക്കാൻ ട്രാഫിക് ഉപദേശക സമിതിക്കോ നഗരസഭയ്ക്കോ അധികാരമില്ലെന്ന പരാതിയെക്കുറിച്ചും മിണ്ടാട്ടമില്ല. അതേസമയം,​ കരാർ നൽകിയതിൽ പിഴവുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

ഹോട്ടലുടമയുമായി ഉണ്ടാക്കിയ കരാറിൽ അതുവഴിയുളള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും മറ്റു വാഹനങ്ങളുടെ പാർക്കിംഗ് തടസപ്പെടുത്തരുതെന്നും പറയുന്നുണ്ടെന്നാണ് നഗരസഭയുടെ വാദം. എന്നാൽ ഗതാഗതത്തിനും കാൽനടയ്ക്കും തടസം ഉണ്ടാക്കരുതെന്ന് മാത്രമാണ് കരാറിലുള്ളതെന്നാണ് അറിയുന്നത്. മറ്റ് വാഹനങ്ങളുടെ പാർക്കിംഗിന്റെ കാര്യം പറയുന്നില്ല. കരാറിന്റെ നിയമപരമായ സാധുതയെക്കുറിച്ചോ ഗതാഗത ഉപദേശക സമിതിയുടെ അധികാരത്തെക്കുറിച്ചോ മേയറുടെ വിശദീകരണത്തിലും വ്യക്തമാക്കുന്നില്ല. ഇന്നുനടക്കുന്ന നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം വിഷയം ഉന്നയിക്കും. യോഗം പ്രക്ഷുബ്ധമാകാനാണ് സാദ്ധ്യത.

പൊതുമരാമത്ത് മന്ത്രിക്ക്

റിപ്പോ‌ർട്ട് കൈമാറി

സംഭവം വിവാദമായതിനെത്തുടർന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തിയ റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ റിപ്പോർട്ട് സമർപ്പിച്ചു. മന്ത്രി കണ്ണൂരിലെ ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന തിരക്കിലായതുകൊണ്ട് റിപ്പോർട്ട് പരിശോധിച്ചിട്ടില്ല. റിപ്പോർട്ട് പരിശോധിച്ചശേഷം തുടർ നടപടിയെടുക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.