തിരുവനന്തപുരം: ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത പി.കെ.എസ് മാർച്ച് സംഘശക്തിയുടെ വിളംബരമായി. ഇന്നലെ രാവിലെ 11 മണിയോടെ വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിൽ നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്രിന് മുന്നിലെത്താൻ മണിക്കൂറുകളെടുത്തു. പ്രധാന ബാനറിന് കീഴിൽ സംസ്ഥാന നേതാക്കളാണ് അണിനിരന്നത്. പിന്നാലെ ചുവന്ന തൊപ്പി ധരിച്ചും ചെങ്കൊടിയേന്തി പ്രവർത്തകരും. കണ്ണൂരാണ് ആദ്യ ജില്ലയായി മാർച്ചിൽ പങ്കെടുത്തത്. തുടർന്ന് ഓരോ ജില്ലകളിലെ പ്രവർത്തകരും അതത് ബാനറിന് കീഴിൽ അണിനിരന്നു. മാർച്ച് സെക്രട്ടേറിയറ്റ് നടയിലെത്തി യോഗം ആരംഭിക്കുമ്പോഴും പല ജില്ലകളിലെയും പ്രവർത്തകർ തുടക്കസ്ഥലത്ത് നിന്നും നീങ്ങിത്തുടങ്ങിയിരുന്നില്ല. മാർച്ച് നടക്കുന്നതിനാൽ ഇന്നലെ ഉച്ചവരെ വാഹനങ്ങൾ വഴിതിരിച്ചു വിടുമെന്നു പൊലീസ് അറിയിച്ചിരുന്നെങ്കിലും ഫലവത്താകാത്തത് നഗരത്തെ ഗതാഗതക്കുരുക്കിലാക്കി. പട്ടം, നെടുമങ്ങാട്, കിഴക്കേകോട്ട ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങളെ പ്രകടനം തുടങ്ങിയതിന് പിന്നാലെയായിരുന്നു വഴി തിരിച്ചുവിട്ടത്.