tharoor

■സംസ്ഥാന കോൺഗ്രസിൽ ആകാംക്ഷയേറുന്നു

തിരുവനന്തപുരം: എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് ഒരാഴ്ച ശേഷിക്കെ, ശശി തരൂരിന് കിട്ടുന്ന പിന്തുണയെച്ചൊല്ലി സംസ്ഥാന കോൺഗ്രസിൽ ആകാംക്ഷ ശക്തം. മുൻനിര നേതൃത്വം തരൂരിനോട് മുഖം തിരിച്ച് നിൽക്കുമ്പോഴും, അപ്രതീക്ഷിത കോണുകളിൽ നിന്നുള്ള പിന്തുണ ആശാവഹമാണെന്നാണ് തരൂരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. 310 വോട്ടർമാരാണ് കേരളത്തിൽ. കെ.പി.സി.സി, എ.ഐ.സി.സി മെമ്പർമാരായ 285 പേരും, 10 മുൻ പി.സി.സി അദ്ധ്യക്ഷന്മാരും, 15 പാർലമെന്ററി പാർട്ടി പ്രതിനിധികളും.

തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥനും ,കോഴിക്കോട് എം.പി എം.കെ. രാഘവനുമടക്കം 15 പേരാണ് തരൂരിനനുകൂലമായി പരസ്യനിലപാടെടുത്തിട്ടുള്ളത്. ഇവരുടെ സ്വാധീനത്താൽ ചില്ലറ വോട്ടുകൾ തരൂരിന് ലഭിക്കുമെന്ന് സംസ്ഥാന നേതൃത്വവും കണക്കുകൂട്ടുന്നു. ഏറിയാൽ അമ്പത് വോട്ട്.എന്നാലിത് മൂന്നക്കത്തിലേക്ക് കടന്നാൽ അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് തരൂർ അനുകൂലികളുടെ വാദം. രഹസ്യ ബാലറ്റായതിനാൽ, തരൂരിനോട് മാനസികൈക്യമുള്ളവർക്കും ധൈര്യമായി വോട്ട് ചെയ്യാം.

ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ഹൈക്കമാൻഡ് ആവർത്തിക്കുമ്പോഴും, ഹൈക്കമാൻഡ് സ്പോൺസർ ചെയ്ത സ്ഥാനാർത്ഥിയെന്ന പരിവേഷത്തോടെയാണ് മല്ലികാർജുൻ ഖാർഗെ അവതരിപ്പിക്കപ്പെടുന്നത്. മിക്കവാറും സംസ്ഥാന പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ പിന്തുണ പ്രഖ്യാപിച്ചതും ഖാർഗെയ്ക്കാണ്. ആദ്യം മനസ്സാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പിന്നീട് നിലപാട് മാറ്റി. പ്രതിപക്ഷനേതാവ് വി.ഡി. സതീശനടക്കമുള്ളവരും ഖാർഗെയെ പിന്തുണയ്ക്കുന്നു..

നേതൃത്വത്തിന്റെ പക്ഷപാതപരമായ സമീപനങ്ങളിൽ ശശി തരൂർ അസംതൃപ്തനാണ്.

തിരഞ്ഞെടുപ്പിന് കേരളത്തിലെ ഏക പോളിംഗ് ബൂത്ത് ഇന്ദിരാഭവനാണ്. അടുത്ത തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ഗ്രൂപ്പ് നോമിനികളായോ, നേതാക്കളുടെ ആശീർവാദത്തോടെയോ എത്തിയവരാണ് വോട്ടർമാരിൽ ഏറെയും. ഇത് ഖാർഗെയ്ക്ക് കാര്യങ്ങൾ അനുകൂലമാക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

കേരളത്തിൽ നിന്നടക്കം ഔദ്യോഗിക പിന്തുണയില്ലാതിരിക്കെ ,തരൂർ മത്സരരംഗത്ത് വാശിയോടെ നില കൊള്ളുന്നതും ,സമൂഹമാദ്ധ്യമങ്ങളിലൂടെയടക്കം വലിയ പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നതും സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാണ്.

യുവജനങ്ങൾ, ടെക്നോക്രാറ്റുകൾ, കേരളത്തിലെ ഉയർന്ന മദ്ധ്യവർഗം എന്നിവർക്കിടയിൽ ശശി തരൂരിനുള്ള സ്വാധീനം അവഗണിക്കാനാവില്ല. എന്നാൽ, സംസ്ഥാന നേതൃത്വവുമായി യോജിച്ച് പോവാത്തയാളും, പരിഷ്കൃത നാഗരികതയുടെ വക്താവുമായ തരൂർ കോൺഗ്രസിനെ നയിക്കാൻ പ്രാപ്തനല്ലെന്നാണ് മുതിർന്ന നേതാക്കളുടെ വാദം.