
തിരുവനന്തപുരം: കോർ ബാങ്കിംഗ് ഐ.ടി സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള ബാങ്കിന്റെ തിരുവനന്തപുരത്തെ 92 ശാഖകളിൽ ഇന്നുമുതൽ ഐ.എഫ്.എസ് കോഡുകൾ മാറും. മറ്റു ബാങ്കുകളിലേക്ക് പണം അയയ്ക്കുന്നതിനും കേരള ബാങ്കിലെ തന്നെ വിവിധ ശാഖകളിലേക്ക് പണം അയയ്ക്കുമ്പോഴും ഇത് ശ്രദ്ധിക്കേണ്ടിവരും. ബാങ്കുവഴി ശമ്പളം, പെൻഷൻ, വായ്പാ തവണ ഗഡുക്കൾ, വിദേശത്തുനിന്ന് പണം അയയ്ക്കൽ തുടങ്ങിയ ഇടപാടുകളിൽ ഐ.എഫ്.എസ്.സി മാറ്റം ശ്രദ്ധിക്കണം.
സംസ്ഥാനത്തെ 13 ജില്ലാ സഹകരണബാങ്കുകൾ ലയിച്ചുണ്ടായ കേരള ബാങ്ക് ഒറ്റബാങ്ക് എന്ന നിലയിലേക്ക് മാറുന്നതിന്റെ അന്തിമഘട്ടങ്ങളിലൊന്നാണിത്.
പുതിയ ഐ.എഫ്.എസ്.സി അതത് ബാങ്ക് ശാഖകളിൽ നിന്ന് ലഭിക്കും. പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനാൽ ഈയാഴ്ച ഓൺലൈൻ ഇടപാടുകളിലും പണം കൈമാറ്റങ്ങളിലും ചിലയിടങ്ങളിലെങ്കിലും സാങ്കേതിക തടസ്സങ്ങളുണ്ടാകാനിടയുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
തിരുവനന്തപുരത്തിന് പുറമെ കോട്ടയം, കൊല്ലം, വയനാട്, കാസർകോട് ജില്ലകളിലെ കേരളബാങ്ക് ശാഖകളുടെയും ഐ.എഫ്.എസ്.സി മാറിയിട്ടുണ്ട്. കൂടാതെ സംസ്ഥാന സഹകരണബാങ്ക് ശാഖകളായിരുന്ന ഇരുപതോളം ശാഖകളിലും ഈ മാറ്റമുണ്ടായിട്ടുണ്ട്. ശേഷിക്കുന്ന ജില്ലകളിലെ കേരള ബാങ്ക് ശാഖകളിൽ കോർബാങ്കിംഗ് നടപ്പാക്കുന്നത് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാകും. അടുത്ത സാമ്പത്തിക വർഷത്തോടെ പൂർണ്ണതോതിൽ റെഗുലർ ബാങ്ക് രീതിയിലായിരിക്കും കേരളബാങ്ക് പ്രവർത്തിക്കുക.