തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലെ ഡിജിറ്റൽ നടപടിക്രമങ്ങളെക്കുറിച്ച് പഠിക്കാൻ മദ്ധ്യപ്രദേശ് നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതമും സംഘവും കേരളത്തിലെത്തി.

മദ്ധ്യപ്രദേശ് സ്പീക്കറെ തൈക്കാട് ഗസ്റ്റ് ഹൗസിൽ സന്ദർശിച്ച സ്പീക്കർ എ.എൻ ഷംസീർ ഇ-നിയമസഭാ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

മദ്ധ്യപ്രദേശിൽ വർഷങ്ങൾക്ക് മുൻപുതന്നെ നിയമസഭാ നടപടിക്രമങ്ങൾ ഡിജിറ്റലൈസ് ചെയ്തെങ്കിലും ഇക്കാര്യത്തിൽ കേരളം ഏറെ മുന്നിലാണെന്ന് സ്പീക്കർ ഗിരീഷ് ഗൗതം പറഞ്ഞു.

നമ്മുടെ ഇ-നിയമസഭാ നടപടികൾ പഠിക്കാൻ ഇതര സംസ്ഥാനങ്ങൾ എത്തുന്നത് കേരള മോഡലിന്റെ മറ്റൊരു ഉദാഹരണമാണെന്ന് എ.എൻ ഷംസീർ പറഞ്ഞു. ഗ്രീൻ അസംബ്ലി എന്ന ലക്ഷ്യം കൈവരിക്കുകയാണ് അടുത്ത ലക്ഷ്യം.

മദ്ധ്യപ്രദേശ് സംഘത്തിൽ എം.എൽ.എമാരായ ഗൗരിശങ്കർ ബിസൻ, അജയ് വൈഷ്‌ണോയ്, പി.സി ശർമ്മ, രാംപാൽ സിംഗ്, യശ്പാൽ സിംഗ് സിസോദിയ, ദിവ്യരാജ് സിംഗ് എന്നിവരുമുണ്ട്. നിയമസഭാ മന്ദിരത്തിലെത്തിയ സംഘം ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.