
ആര്യനാട്: ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസില്ലാതെ വിദ്യാർത്ഥികളും യാത്രക്കാരും വലഞ്ഞു. ഇന്നലെ വൈകിട്ട് 6.30തായിട്ടും ഡിപ്പോയിൽ നിന്ന് മലയോര മേഖലകളിലേയ്ക്ക് ബസില്ലാതായതോടെയാണ് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടായത്. ബസുകൾ ഇല്ലാതായതോടെ ആദിവാസി മേഖകളിലുൾപ്പെടെയുള്ള വിദ്യാർത്ഥികളാണ് ഏറെയും ബുദ്ധിമുട്ടിലായത്.
രാത്രിയായിട്ടും വീടുകളിൽ പോകാൻ കഴിയാതെ ബസ് കാത്തു നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടതോടെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ആര്യനാട് ഡിപ്പോയിലെ ഉദ്യോഗസ്ഥരുടെ അലംഭാവമാണ് പ്രശ്നത്തിന് കാരണമെന്നാണ് യാത്രക്കാരുടെ ആരോപണം. കുട്ടികളെ കാണാതായതോടെ മിക്ക രക്ഷിതാക്കളും രാത്രിയോടെ ഡിപ്പോയിലെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് കോൺഗ്രസ് ആര്യനാട് മണ്ഡലം പ്രസിഡന്റ് കോട്ടയ്ക്കകം രാജീവൻ ആവശ്യപ്പെട്ടു.