
■വിശദ മൊഴി ഇന്ന് രേഖപ്പെടുത്തും
തിരുവനന്തപുരം: കോൺഗ്രസ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളി മർദ്ദിച്ചെന്ന് പരാതി നൽകിയ യുവതി ഇന്നലെ വൈകിട്ട് കോവളം പൊലീസ് സ്റ്റേഷനിൽ ഹാജരായി.
മൊഴി രേഖപ്പെടുത്താൻ നിരവധി തവണ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി എത്തിയിരുന്നില്ല. പ്രാഥമിക വിവരങ്ങൾ നൽകിയ ശേഷം യുവതി മടങ്ങി. ഇന്ന് വീണ്ടും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകും. ഇന്ന് മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഒരു മാസം മുമ്പാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. എം.എൽ.എയും സുഹൃത്തായ ആലുവ സ്വദേശിനിയും കഴിഞ്ഞ മാസം കോവളത്തെത്തിയിരുന്നു. കോവളം ജംഗ്ഷനിൽ നിന്ന് ബീച്ചിലേക്കുള്ള റോഡിലെ സൂയിസൈഡ് പോയിന്റിലെത്തിയപ്പോൾ കാറിൽ വച്ച് ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും, എൽദോസ് യുവതിയെ മർദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കാണ് യുവതി നൽകിയ പരാതി കോവളം പൊലീസിന് കൈമാറി
സംഭവ സമയത്ത് എം.എൽ.എയെ കൂടാതെ പി എയും ഡ്രൈവറും കാറിലുണ്ടായിരുന്നു. യുവതി തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എൽദോസിനായി യുവതി പ്രചാരണത്തിൽ സജീവമായിരുന്നു. കോവളം സി.ഐയ്‌ക്കാണ് അന്വേഷണച്ചുമതല. സംഭവ ദിവസം എൽദോസ് കുന്നപ്പിള്ളിയും യുവതിയും കോവളത്ത് ഉണ്ടായിരുന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.,പരാതി പിൻവലിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും പറയുന്നു.