
വെഞ്ഞാറമൂട്: നിർത്തിയിരുന്ന ബൈക്കിൽ ആംബുലൻസ് ഇടിച്ചുകയറി പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരി അലംകൃതയും മരിച്ചു. പരിക്കേറ്റ പിതാവ് ഷിബു (30) സംഭവ ദിവസംതന്നെ മരിച്ചിരുന്നു. ഡ്രൈവറെ അടുത്തിരുത്തി മെയിൽ നഴ്സ് ഓടിച്ച ആംബുലൻസ് ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു .ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 7 നായിരുന്നു അപകടം.
പിരപ്പൻകോട് പ്ലാവിള വീട്ടിൽ ഷിബുവും മകൾ അലംകൃതയും ക്ളിനിക്കൽ ലാബിന് മുന്നിൽ നിൽക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗിയെ കട്ടപ്പനയിൽ കൊണ്ടുവിട്ട് തിരിച്ചു വരികയായിരുന്ന ആംബുലൻസ്. രക്ത പരിശോധനയ്ക്കായി മകളെയും കൂട്ടി വെഞ്ഞാറമൂട്ടിലെ നാഷണൽ സ്കാനിൽ, റിസൾട്ടിനായി ഷിബു ബൈക്കിൽ കാത്തു നിൽക്കുമ്പോഴായിരുന്നു ദുരന്തം. മാതാവ് : സന്ധ്യ. സഹോദരി: രണ്ടുവയസുകാരി അനഖിത.