
തിരുവനന്തപുരം: മലയാളി ആരോഗ്യപ്രവർത്തകർക്ക് വെയിൽസിൽ ജോലി ഉറപ്പാക്കാൻ സർക്കാർ ധാരണാപത്രം ഒപ്പുവയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശമനുസരിച്ച് വെയിൽസ് ആരോഗ്യമന്ത്രി എലുനെഡ് മോർഗണുമായി മന്ത്രിമാരായ വീണാ ജോർജും പി. രാജീവും നടത്തിയ ചർച്ചയിലാണ് തീരുമാനം.
ധാരണാപത്രം ഒപ്പിടാൻ വെയിൽസ് പ്രതിനിധി സംഘം കേരളത്തിലെത്തും. റിക്രൂട്ട്‌മെന്റ്, ആരോഗ്യ മേഖലയിലെ മറ്റ് ആശയവിനിമയങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് ഇരു സർക്കാരുകളുടെയും പ്രതിനിധികളുൾപ്പെട്ട കോ- ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. വിദ്യാർത്ഥികൾക്കും ആരോഗ്യപ്രവർത്തകർക്കുമായി വെയിൽസ് സർക്കാർ നടത്തുന്ന എക്‌സ്‌ചേഞ്ച് പ്രോഗ്രാമിൽ കേരളത്തിന് പ്രാതിനിധ്യം നൽകും. ഇരു മന്ത്രിമാർക്കും പുറമെ ചീഫ് സെക്രട്ടറി വി.പി. ജോയ്, പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, വേണു രാജാമണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.