തിരുവനന്തപുരം: നഗരത്തിലെ തട്ടുകടകളിൽ നഗരസഭ ഹെൽത്ത് സ്‌ക്വാഡ് പരിശോധന നടത്തി. രാത്രിയിൽ പ്രവർത്തിക്കുന്ന വഴിയോര തട്ടുകടകളിലാണ് പരിശോധന നടത്തിയത്. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുക, വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുക, മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുക തുടങ്ങിയവ പരശോധിക്കണമെന്ന മേയർ ആര്യാ രാജേന്ദ്രന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഹെൽത്ത് ഓഫീസർ ഡോ.ഗോപകുമാറിന്റെ നേതൃത്വത്തിൽ അഞ്ച് സ്‌ക്വാഡുകൾ ഇന്നലെ വൈകിട്ട് 6 മുതൽ പരശോധന നടത്തിയത്. കിഴക്കേകോട്ട, കരമന,​ചാല, ബേക്കറി ജംഗ്ഷൻ, പരുത്തിപ്പാറ,​ മണക്കാട്, പാളയം, പേരൂർക്കട, തിരുവല്ലം, കടകംപള്ളി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. 15 ഹെൽത്ത് സർക്കിൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പല തട്ടുകടകളിലും പ്രത്യേകം സ്ഥലങ്ങളിലാണ് പ്ലാസ്റ്റിക് ഉല്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർത്ഥങ്ങളും പിടിച്ചെടുത്തു. മാലിന്യങ്ങൾ വഴിയരികിൽ കത്തിച്ചതിന് നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.എസ്.മിനു,​ ഷാജി.കെ.നായർ, രാകേഷ്, ഗണേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.