തിരുവനന്തപുരം: മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയ യുവാവ് കൈഞരമ്പ് മുറിക്കാൻ ശ്രമിച്ചു. വെമ്പായം സ്വദേശി അഫ്‌സലാണ് ഇന്നലെ രാത്രി 10ഓടെ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ വച്ച് ഞരമ്പ് മുറിക്കാൻ ശ്രമിച്ചത്. നിസാര പരിക്കേറ്റ ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേശവദാസപുരത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് പൊലീസ് അഫ്സലിനെ കസ്‌റ്റഡിയിലെടുത്തത്.

സ്റ്റേഷനിലും ബഹളം തുടർന്നതോടെ ബന്ധുക്കളെ വിളിച്ചുവരുത്തി ഇയാളെ അവർക്കൊപ്പം വിട്ടു. പോകുന്നതിനിടെ കാറിൽ നിന്ന് ചാടിയിറങ്ങി ബ്ളേഡുകൊണ്ട് അഫ്സൽ ഞരമ്പ് മുറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടൻ ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.