വിതുര: മലയോര മേഖലയിൽ കാട്ടുമൃഗങ്ങളുടെ ശല്യം തുടർക്കഥയായി മാറിയിട്ടും നടപടികൾ സ്വീകരിക്കാൻ അധികൃതർ അലംഭാവം കാട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നിയും പകൽസമയത്തുപോലും നാട്ടിലിറങ്ങി നാശവും ഭീതിയും പരത്തുന്നതുമൂലം മാസങ്ങളായി ജനജീവിതം ദുസ്സഹമായി മാറിയിരിക്കുകയാണ്. വനമേഖലയോട് ചേർന്നുള്ള വിതുര പഞ്ചായത്ത് പ്രദേശങ്ങളിലാണ് കൂടുതൽ ശല്യമുള്ളത്. വന്യജീവി ശല്യം തടയാൻ വനം വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ആരംഭിച്ച ജാഗ്രതാസമിതികളുടെ പ്രവർത്തനം നിശ്ചലമായിട്ട് മാസങ്ങളായെന്നാണ് പ്രധാന ആക്ഷേപം. ആനക്കിടങ്ങും വൈദ്യുതിവേലിയും ഫലപ്രദമായില്ല.

കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നതും വഴിയാത്രക്കാരെ ആക്രമിക്കുന്നതും നിത്യസംഭവമായിട്ടുണ്ട്. കൃഷി അന്യമായി മാറുന്ന സ്ഥിതിയാണ് നിലവിൽ. കാട്ടാനശല്യമാണ് കൂടുതൽ.

** വന്യജീവി ശല്യം തടയാൻ ആരംഭിച്ച ജാഗ്രതാ സമിതി നിശ്ചലം

** ആനക്കിടങ്ങും വൈദ്യുതിവേലിയും ഫലപ്രദമായില്ല

**കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നു

**വഴിയാത്രക്കാരെ ആക്രമിക്കുന്നതും നിത്യസംഭവം

ആക്രമണം പതിവാകുന്നു

ബോണക്കാട് ജോലി കഴിഞ്ഞ് വിതുര ഐസറിന് സമീപമുള്ള വീട്ടിലേക്ക് വരികയായിരുന്ന നിർമ്മാണത്തൊഴിലാളികളെ കാട്ടാന ആക്രമിച്ച് അവർ സഞ്ചരിച്ചിരുന്ന ബൈക്ക് തകർത്തത് കഴിഞ്ഞ ദിവസമാണ്. വനം വകുപ്പിന്റെ കീഴിലുള്ള ചാത്തൻകോട് കാണിത്തടം ചെക്ക് പോസ്റ്റിനടുത്തുള്ള വളവിൽ വച്ചായിരുന്നു ആക്രമണം. ആന അടുത്തേക്ക് വരുന്നതു കണ്ട് ഭയന്നു ബൈക്ക് തിരിക്കവെ, തുമ്പികൈ കൊണ്ടുള്ള ആക്രമണത്തിൽ പിൻസീറ്റ് യാത്രക്കാരനായിരുന്ന തേവിയോട് സ്വദേശി മഹേഷ് (42) റോഡിൽ തെറിച്ചു വീണ് വാരിയെല്ലിനു പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന ബോണക്കാട് സ്വദേശി പ്രിൻസ് മോഹനനും (36) പരിക്കേറ്റ് ചികിത്സയിലാണ്. ഇരുവർക്കും അടിയന്തര ചികിത്സാ ധനസഹായം അനുവദിക്കണമെന്നും അടിക്കടിയുള്ള കാട്ടാന ആക്രമണത്തിന് അറുതി വരുത്തണമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ എക്സ് എം.എൽ.എ ആവശ്യപ്പെട്ടു. ചികിത്സാക്കാലയളവിൽ കുടുംബത്തിന്റെ ഉപജീവനവും കുട്ടികളുടെ പഠന ചെലവുകളും പ്രതിസന്ധിയിലാണ്.

സംരക്ഷണം വേണം

ചികിത്സയിൽ കഴിയുന്ന മഹേഷിനെ വീട്ടിൽ സന്ദർശിച്ച അദ്ദേഹം, വന്യജീവി ശല്യത്തിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരെ മുഖ്യ ചുമതലക്കാരായി നിശ്ചയിച്ച് എൽ.ഡി.എഫ് സർക്കാർ പഞ്ചായത്ത് തലത്തിൽ രൂപീകരിച്ച ജാഗ്രതാ സമിതികൾ ഫലപ്രദമല്ലെന്നും മാങ്കോട് രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച് വനം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുമെന്നും പറഞ്ഞു.

വിതുര ഫോറസ്റ്റ് ഒാഫീസ് പടിക്കൽ ധർണ

കാട്ടുമൃഗങ്ങളുടെ ശല്യം തടയണമെന്നും കാർഷികവിളകൾക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ വിതുര ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് വിതുര ഫോറസ്റ്റ് ഒാഫീസ് പടിക്കൽ മാർച്ചും ധർണയും നടത്തും. സി.പി.ഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി കല്ലാർ അജിൽ,വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, ആർ.കെ.ഷിബു, കല്ലാർ വാർഡ്മെമ്പർ സുനിത, പൊന്നാംചുണ്ട് വാർഡ്മെമ്പർ രവികുമാർ, കല്ലാർവിക്രമൻ,ബിനോയ് തള്ളച്ചിറ എന്നിവർ പങ്കെടുക്കും.