
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ജീവകല സംഘടിപ്പിച്ച "സ്വരങ്ങളേ പാടൂ" സംഗീത പരിപാടി സമാപിച്ചു. നവരാത്രി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് കർണാടക സംഗീതഞ്ജൻ കെ.ജെ.ചക്രപാണി രാഗങ്ങളെയും ചലച്ചിത്ര ഗാനങ്ങളെയും കോർത്തിണക്കി അവതരിച്ച "കർണാടക സംഗീതവും സിനിമയും' ആസ്വാദകർക്ക് നവ്യാനുഭവമായിരുന്നു. ഡി.കെ.മുരളി എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജീവകലയുടെ ഉപഹാരവും ചക്രപാണിക്ക് സമർപ്പിച്ചു. ജീവകലയിലെ 16 വിദ്യാർത്ഥികളുടെ വയലിൻ രംഗപ്രവേശവും നടന്നു. വയലിനിസ്റ്റ് ആറ്റുകാൽ ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ വയലിൻ കച്ചേരിയും ജീവകല വയലിൻ അദ്ധ്യാപകൻ അരുൺ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ 18 വയലിസ്റ്റുകൾ ഫ്യൂഷൻ സംഗീതവുമൊരുക്കി. ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ മുഖ്യാതിഥിയായി.
നവംബർ 20ന് നടക്കുന്ന ഹരിവരാസനം പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു.ജീവകല ഭാരവാഹികളായ വി.എസ്.ബിജുകുമാർ,പി.മധു,കെ.ബിനുകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.