
പാലോട്: നന്ദിയോട് ജംഗ്ഷനിലെ ഓടകളിൽ നിന്നുള്ള മാലിന്യത്താൽ വ്യാപാരികളുടെയും ഓട്ടോ തൊഴിലാളികളുടെയും ജീവിതം ദുസ്സഹമായിട്ടും നടപടിയെടുക്കാതെ അധികൃതർ.റോഡ് നിർമ്മാണം പൂർത്തിയാക്കി സ്ലാബ് ഇടുന്ന ജോലി പൂർത്തിയാക്കാതെ കരാർ കമ്പനി മടങ്ങിപ്പോയതിനാൽ നന്ദിയോട് ജംഗ്ഷനിലെ ഓടകൾ മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്നതും കൊതുക് പെരുകുന്നതുമായ അവസ്ഥയിലാണ്. നന്ദിയോട് ചന്തയിൽ നിന്ന് മാലിന്യം ഒഴുക്കിവിടുന്ന ഓട വന്നുചേരുന്നത് ജനവാസ മേഖലയിലെ തോടുകളിലായതിനാൽ ഈ ഓടയിലൂടെ തന്നെയാണ് മത്സ്യ മാംസ മാലിന്യങ്ങളും ഒഴുക്കുന്നത്.റോഡ് നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് ഓട മണ്ണ് വീണ് മൂടിയതിനാൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് ഗുരുതര ആരോഗ്യ പ്രശ്നനങ്ങൾക്ക് കാരണമാകുമെന്ന് അധികാരികളോട് പരാതിപ്പെട്ടെങ്കിലും നാളിതുവരെയായി യാതൊരു നടപടിയും ബന്ധപ്പെട്ടവരിൽ നിന്നുണ്ടായിട്ടില്ല. വർഷങ്ങളായി ഓടയിലെ ഈ മാലിന്യം കലർന്ന വെള്ളം ഉപയോഗിക്കുന്നതിനാൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളും കൊതുകുജന്യ രോഗങ്ങളും ത്വക് രോഗങ്ങളുമെല്ലാം ഇവിടത്തെ നാട്ടുകാരെ സാരമായി ബാധിക്കുന്നുണ്ട്.ഓടകൾ സ്ലാബ് ഇട്ട് മൂടി മാലിന്യ സംസ്കരണ സംവിധാനമൊരുക്കി മാലിന്യം നശിപ്പിക്കുന്നതിനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.