
കല്ലമ്പലം: നാവായിക്കുളത്ത് പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ പരിഹാരം കാണാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ. പഞ്ചായത്തിലെ പല ഭാഗങ്ങളിലായി 30 ഓളം സ്ഥലത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. പൊതുവെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്ത് പൈപ്പ്പൊട്ടൽ കൂടി ആയതോടെ ജനം ദുരിതത്തിലായി. ഇവിടുത്തുകാർ പൊതുവെ പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമാണ് പൈപ്പ് വഴി വെള്ളം വിതരണം ചെയ്യുന്നത്. ആഴ്ചകളോളം ഇത് മുടങ്ങുന്നതും പതിവാണ്. ജലവിതരണം നടത്തുന്ന സമയത്ത് പൊട്ടിയ പൈപ്പുകൾ വഴി ജലം ശക്തിയായി ഒഴുകുന്നതിനാൽ വെള്ളത്തിന്റെ പ്രഷർ കുറഞ്ഞ് ഉയർന്ന പ്രദേശങ്ങളിൽ വെള്ളം കിട്ടാതെവരുന്നു. ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകൾക്കും ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ പദ്ധതി പ്രകാരം ഇട്ട പൈപ്പുകളാണ് പൊട്ടി ജലം പാഴാകുന്നത്.
കീറിമുറിച്ച് ഗ്രാമീണ റോഡുകൾ
കുടിവെള്ളകണക്‌ഷനുവേണ്ടി പൈപ്പിടുന്നതിനും പൊട്ടിയ പൈപ്പുകൾ നന്നാക്കുന്നതിനും വേണ്ടി അനവധി തവണ പഞ്ചായത്തിലെ പല റോഡുകളും കീറിമുറിച്ചു. എന്നാൽ പൈപ്പ് ഇട്ടതിന് ശേഷം വേണ്ട രീതിയിൽ മണ്ണിട്ട് മൂടി കോൺക്രീറ്റ് ചെയ്യാത്ത കാരണം കൊണ്ടോ, ഗുണനിലവാരമില്ലാത്ത പൈപ്പായതിനാലോ ആയിരിക്കാം പൊട്ടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പൈപ്പ്പൊട്ടൽ മുടങ്ങാതെ നടക്കുമ്പോൾ റോഡിലെ കുഴികളുടെ എണ്ണവും വർദ്ധിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.
ഒരു മാസമായി ജലം പാഴാകുന്നു
ഡീസന്റ്മുക്ക് മുസ്ലിം പള്ളിക്ക് സമീപം മദ്രസ റോഡിൽ പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായി. ആദ്യം ഒരു ഭാഗത്ത് നിന്ന് മാത്രമാണ് വെള്ളം ഒഴുകിക്കൊണ്ടിരുന്നത്. ഇപ്പോൾ പല ഭാഗങ്ങളിൽ നിന്നാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. ഏതു ഭാഗത്താണ് പൈപ്പ് പൊട്ടിയതെന്നു പോലും വ്യക്തമല്ലാത്ത സ്ഥിതിയാണ്. എന്നാൽ പൈപ്പിലൂടെയുള്ള ജല വിതരണം മുടങ്ങുമ്പോൾ വെള്ളത്തിന്റെ ഒഴുക്കും നിലയ്ക്കും. ചോർച്ച സംബന്ധിച്ച് പല തവണ ജല അതോറിട്ടിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
ജലം പാഴാകുന്നു
ജലം അമൂല്യമാണെന്ന് പറയുമ്പോഴും നാവായിക്കുളം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ പൈപ്പ് പൊട്ടിയും വാട്ടർ ടാപ്പുകൾ കേടായും ജലം പാഴാകുന്നത് വലിയ തോതിലാണ്. കുടിവെള്ള വിതരണം ഏതൊക്കെ ദിവസങ്ങളിൽ ഏതൊക്കെ സമയങ്ങളിൽ നടക്കും എന്ന് മുൻകൂട്ടി ഉപഭോക്താക്കളെ അറിയിക്കാത്തതിനാൽ വീടുകളിലെയും പൊതു സ്ഥലങ്ങളിലെയും തുറന്നുകിടക്കുന്ന ടാപ്പുകൾ വഴി ജലം പാഴാകുന്നതും പതിവാണ്. അർദ്ധരാത്രിയിലോ, പുലർച്ചയോ ആണ് കൂടുതലും ജലവിതരണം നടക്കുന്നത്.