
പാറശാല: പാറശാല ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന തവളയില്ലാക്കുളം ആഫ്രിക്കൻ പായൽ പടർന്ന് കുളവാഴയുടെ പിടിയിലായിട്ട് ഏതാനും മാസങ്ങൾ കഴിഞ്ഞു. ആമ്പലും താമരയും നിറഞ്ഞുനിന്ന കുളം ഇന്ന് പൂർണമായും കുളവാഴയുടെ പിടിയിലാണ്. വെള്ളത്തിന്റെ ഉപരിതലം മുഴുവനും കുളവാഴയാൽ നിറഞ്ഞതിനാൽ വെള്ളത്തിന്റെ ഒരംശം പോലും നാട്ടുകാർക്ക് അറിയാൻ കഴിയില്ല. കുളവാഴ നിറഞ്ഞതിനാൽ നാട്ടുകാർക്ക് കുളത്തിലിറങ്ങുന്നതിനോ കുളത്തിലെ വെള്ളം ഉപയോഗിക്കുന്നതിനോ കഴിയുന്നില്ല. ഏറെ താമസിയാതെ തന്നെ കുളവാഴ സമീപത്തെ കൃഷിയിടങ്ങളിലേക്കും വ്യാപിക്കാൻ സാദ്ധ്യതയുള്ളതിനാൽ പ്രദേശത്തെ കർഷകരും ഭീഷണിയിലാണ്. കൃഷി ഭൂമികളിലെ പായൽ പൂർണമായും ഇല്ലാതാക്കുക എന്നത് വളരെ ദുഷ്കരമാണ്. അതിനാൽ കൃഷിയും തടസപ്പെടുന്നു. കുളങ്ങൾ വൃത്തിയാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഫണ്ട് വേണമെന്നതിനാൽ പലതും സംരക്ഷിക്കപ്പെടാതെ ഇന്നും അനാഥാവസ്ഥയിൽ തുടരുന്നുണ്ട്. ജലാശയങ്ങളിൽ പായലോ കുളവാഴയോ എത്തിയാൽ അവ വളരെ പെട്ടെന്ന് തന്നെയായിരിക്കും വ്യാപിക്കുന്നത്. പിന്നീട് അവയെ ഇല്ലാതാക്കുന്നത് ഒരു ഭാരിച്ച ജോലിയായിരിക്കും. പാറശാല ഗ്രാമപഞ്ചായത്തിലെ കുളങ്ങളിൽ പലതും പായലും കുളവാഴയും നിറഞ്ഞ് ഉപയോഗശൂന്യമായ നിലയിലാണ്. പ്രദേശവാസികൾക്ക് കുളിക്കുന്നതിനും തുണികൾ അലക്കുന്നതിനും ഏറെ പ്രയോജനകരമായിരുന്നു ദേശീയപാതയോട് ചേർന്നുള്ള ഈ കുളം.
ജലം ജീർണിക്കുന്നു
കുളങ്ങളിൽ പായലോ കുളവാഴയോ നിറഞ്ഞാൽ ജലം ജീർണിക്കുന്നത് സർവസാധാരണമാണ്. അത് ശരീരത്തിൽ ചൊറിച്ചിലിനും മറ്റ് ത്വഗ് രോഗങ്ങൾക്കും കാരണമാക്കും. ആഫ്രിക്കൻ പായൽ, മുട്ട പായൽ, കുളവാഴ തുടങ്ങിയ ഇനങ്ങളിൽപെട്ട പായലുകൾ തോടുകളിലും കുളങ്ങളിലും നിറയുന്നതോടെ ജലത്തിനടിയിലേക്ക് സൂര്യപ്രകാശം എത്താതെ വരും. അതുമൂലം വെള്ളം ജീർണിച്ച് നശിക്കും. ഇത് ദുർഗന്ധത്തിനും കൊതുകുകളുടെ ആവാസ കേന്ദ്രമാകുന്നതിനും കാരണമാകുന്നു. വെള്ളം ജീർണ്ണിച്ച് മലിനമാകുന്നതിനാൽ കുളത്തിൽ സ്ഥാപിച്ചിട്ടുള്ള ജലവിതര പദ്ധതിക്കും ഭീഷണിയാകും.
കുടിവെള്ള പദ്ധതി
കുളത്തിന് സമീപത്തെ നൂറോളം കുടുംബങ്ങൾക്കായി കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് മുൻപ് നടപ്പാക്കിയതാണ് സ്വജൽധാര കുടിവെള്ള പദ്ധതി. കുളത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള കിണറിൽ നിന്നും ശേഖരിച്ച് മോട്ടോർ ഉപയോഗിച്ച് പൈപ്പ് ലൈൻ വഴി വീടുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. എന്നാൽ കുളങ്ങളിലെ പായലുകളുടെ കടന്നുകയറ്റം മൂലം കഷ്ടത്തിലാകുന്നത് പ്രദേശവാസികളാണ്.