p

തിരുവനന്തപുരം: വാദ്യമേളക്കാരുടെയും പ്രസാദ നിർമ്മാണം അടക്കമുള്ള ജോലി ചെയ്യുന്ന കഴകം ജോലിക്കാരുടെയും അഞ്ഞൂറിലേറെ ഒഴിവുകൾ ഉണ്ടായിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇക്കാര്യം റിക്രൂട്ട്മെന്റ് ബോർഡിനെ അറിയിക്കുന്നില്ല. ഇത്തരം ഒഴിവുകളിൽ ദിവസ വേതനക്കാരെ നിലനിറുത്തി തുശ്ചമായ ശമ്പളം നൽകി സ്ഥിരം നിയമനത്തിനുള്ള അവസരം നിഷേധിക്കുകയാണെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. റിക്രൂട്ട്മെന്റ് ബോർഡ് വഴിയുള്ള സംവരണ നിയമനങ്ങൾ അട്ടിമറിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം.

ക്ഷേത്രങ്ങളിലെ വാദ്യകലാകാരന്മാരുടെ 300 ലധികം ഒഴിവുകളുള്ളതായാണ് വിവരം. ഇവയിൽ ഏറിയ പങ്കിലും താത്കാലികക്കാരാണ് ജോലി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന ക്ഷേത്ര വാദ്യ കലാ പഠന കേന്ദ്രത്തിൽ പഠിച്ച് സർട്ടിഫിക്കറ്റ് നേടിയവർ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് ഒഴിവുള്ള തസ്‌തികകളിൽ താത്കാലികക്കാർ നിറയുന്നത്. സംസ്ഥാനത്തെ മറ്റ് നാല് ദേവസ്വം ബോർഡുകളും

ഈ തസ്തികകളിൽ റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ് നിയമനം നടത്തുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ അമ്പലങ്ങളിൽ 200 ലധികം കഴകം തസ്തികകളുമുണ്ട്. ഇവയിലും താത്കാലികക്കാരാണ് ജോലി ചെയ്യുന്നത്. 15 വർഷ ത്തിലേറെയായി ഈ ജോലിചെയ്യുന്നവരുമുണ്ട്. സ്ഥിര നിയമനക്കാർക്കുള്ളതിന്റെ നാലിലൊന്ന് ശമ്പളം മാത്രമാണ് ഇവർക്ക് നൽകുന്നത്. അമ്പലത്തിലെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പരമാവധി 300 രൂപയാണ് പ്രതിദിന വേതനം. ഇതിനെക്കാൾ വരുമാനം കുറവുള്ള മറ്റ് ദേവസ്വം ബോർഡുകൾ കുറേക്കൂടി മെച്ചപ്പെട്ട വേതനം നൽകുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. കഴകം തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ് അവിടങ്ങളിൽ നിയമനം.