വെള്ളറട: ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷങ്ങൾ ഏറെയായി, എന്നിട്ടും വെള്ളറടയിലെ പകൽവീട് പ്രവർത്തനം ആരംഭിച്ചിട്ടില്ല. വെള്ളറട ഗ്രാമപഞ്ചായത്തിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പത്തുലക്ഷം രൂപ ചെലവഴിച്ചാണ് കൃഷിഭവന് സമീപം എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ പകൽവീട് പണികഴിപ്പിച്ച് ഗ്രാമപഞ്ചായത്തിന് കൈമാറിയത്. ആദ്യം വൈദ്യുതി കണക്ഷൻ കിട്ടുന്നതിനുള്ള കാലതാമസം ഉണ്ടായിരുന്നു. പിന്നീട് വൈദ്യുതി ലഭിച്ചെങ്കിലും പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞതുമില്ല. പകൽവീടിന്റെ ചുമതലയ്ക്കുള്ള ആളെ ലഭിക്കാത്തതാണ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ താമസം നേരിടുന്നതെന്ന് അധികൃതർ പറയുന്നു. വയോജനങ്ങളിൽ നിന്നും ഒരു കമ്മിറ്റി രൂപീകരിച്ച് ഒരാൾക്ക് കെട്ടിടത്തിന്റെ ചുമതല കൈമാറാനായിരുന്നു തീരുമാനമെങ്കിലും ആരും മുന്നോട്ട് വരാത്തതാണ് പ്രവർത്തനം നീണ്ടുപോകാൻ കാരണമെന്നും പരാതിയുണ്ട്. എന്നാൽ വെള്ളറടയിലെ വീടുകൾ പ്രവർത്തിപ്പിക്കാത്തതിൽ വയോജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്. ഇവർ നിവേദനവുമായി നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചതുമാണ്. വീടുകൾ പ്രവർത്തിപ്പിക്കുന്നതിന് ഒരാളെ നിയമിക്കുന്നതിനും ബ്ളോക്ക് പഞ്ചായത്തിൽ തന്നെ ഓണറേറിയം നൽകുന്നതിനും വ്യവസ്ഥയുണ്ട്.

വയോജനങ്ങൾക്ക് രാവിലെ 8മതുൽ വൈകിട്ട് 5വരെ ഇവിടെയിരുന്ന് വിശ്രമിക്കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും രണ്ടു നിലകളിലായി പണികഴിപ്പിച്ച ഈ കെട്ടിടത്തിലുണ്ട്. ആഹാരം പാകം ചെയ്യുന്നതിനുള്ള അടുക്കളയും ടി.വിയും പുസ്തകങ്ങളും മരുന്ന് സൂക്ഷിക്കാൻ ഫ്രിഡ്ജും സജ്ജീകരിച്ചിട്ടുണ്ട്. പത്തുലക്ഷം രൂപ ബ്ളോക്ക് പഞ്ചായത്ത് ചെലവഴിച്ചതിൽ ഏഴു ലക്ഷം രൂപ കെട്ടിടത്തിനും മൂന്നു ലക്ഷം രൂപ മറ്റു ആവശ്യങ്ങൾക്കുമാണുള്ളത്. ഫർണിച്ചർവരെ ഏർപ്പാടായിക്കഴിഞ്ഞു.

ഗ്രാമപഞ്ചായത്തിൽ കത്തിപ്പാറ കോളനിയിലും പകൽവീട് പണികഴിപ്പിച്ചതും പ്രവർത്തനമില്ലാതെ കിടക്കുകയാണ്. ഉദ്ഘാടനവും കഴിഞ്ഞു. എന്നാൽ ബ്ളോക്ക് പഞ്ചായത്ത് മറ്റു ഗ്രാമപഞ്ചായത്തുകളിൽ പണികഴിപ്പിച്ച പകൽ വീടുകളെല്ലാം പ്രവർത്തിക്കുന്നു.