
അമിതാബ് ബച്ചന്റെ എൺപതാം പിറന്നാൾ ആഘോഷമാക്കി രാജ്യം. ഒരേയൊരു ബച്ചനായി ഷഹൻഹാ അരങ്ങുവാഴുന്നു. വാർദ്ധക്യം ബാധിക്കാത്തതാണ് അമിതാബ് ബച്ചന്റെ അഭിനയവും പ്രകടനവും. പരാജയത്തിൽനിന്ന് വിജയത്തിലേക്ക് എത്തിയതാണ് ജീവിത വഴി. നല്ല ശബ്ദമല്ല എന്ന് ആകാശവാണി ഉദ്യോഗസ്ഥരുടെ പഴികേട്ട ബച്ചന് രക്ഷയായത് തന്റെ ശബ്ദം തന്നെയാണെന്ന് എല്ലാവർക്കും അറിയാം.
നെഗറ്റീവ് ടച്ചുള്ള റോളായിരുന്നു പ്രകാശ് മെഹ്റയുടെ സഞ്ജീർ സിനിമയിൽ നിന്ന് അക്കാലത്തെ എല്ലാ നായകൻമാരും പിൻമാറി. ഇൗ വേഷം ബച്ചൻ ധൈര്യപൂർവ്വം ഏറ്റെടുത്തു. അവിടെ നിന്നാണ് ഇന്ത്യൻ സിനിമയുടെ കിരീടം വയ്ക്കാത്ത ചക്രവർത്തിയുടെ യാത്ര ആരംഭിച്ചത്. ആ യാത്രയിൽ എത്ര എത്ര സിനിമകൾ , എത്ര എത്ര പകർന്നാട്ടങ്ങൾ. ഇനിയും എത്രയോ കഥാപാത്രങ്ങൾ കാത്തിരിക്കുന്നു. വിജയപരാജയങ്ങൾ എല്ലാം താണ്ടി ഇന്ത്യൻ സിനിമയുടെ ഉയരത്തോളം ബച്ചൻ എത്തി. ഒരിക്കലും ബച്ചന് ഒരു പകരക്കാരനില്ല. ഭാവാഭിനയത്തിൽ ബച്ചനെ തോൽപ്പിക്കാനും പകരക്കാരനില്ല. എൺപതിന്റെ നിറവിൽ ബിഗ് ബി എത്തിനിൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ബച്ചന് ആശംസ നേർന്നിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രലോകം ഒന്നടങ്കവും. പിറന്നാൾ ആശംസയുമായി മോഹൻലാൽ വീഡിയോ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.