gas

നെയ്യാറ്റിൻകര: അപകട ഭീഷണിയിലായ അങ്കണവാടിയിൽ കുരുന്നുകളെത്തുന്നത് ജീവഭയത്താൽ.

നെയ്യാറ്റിൻകര നഗരസഭയിലെ തവരവിള വാർഡിലെ 91ാം നമ്പർ അങ്കണവാടിയാണ് അപകടാവസ്ഥയിലായിട്ടുള്ളത്.
മരുതത്തൂർ റേഡിയോ പാർക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലെ കുരുന്നുകളുടെ മേൽ എപ്പോൾ വേണമെങ്കിലും ചിതലരിച്ച് പൊട്ടിപ്പൊളിഞ്ഞ് ഏത് സമയത്തും ഇളകി വിഴാവുന്ന അവസ്ഥയിലാണ് അങ്കണവാടി കെട്ടിടത്തിന്റെ വാതിലുകൾ സ്ഥിതിചെയ്യുന്നത്. വാതിലുകൾ അപകടഭീഷണിയിലായതിനാൽ കുട്ടികളുടെ സുരക്ഷയെക്കരുതി ഇവിടത്തെ ജീവനക്കാർ കുട്ടികളുടെ കളിപ്പാട്ടങ്ങൾ സൂക്ഷിക്കുന്ന പെട്ടിയും ഗ്യാസ് സിലിണ്ടറും കല്ലും ചാരിവച്ചാണ് വാതിലിന് സുരക്ഷയൊരുക്കിയിട്ടുളത്. വാതിലുകൾക്ക് സുരക്ഷയില്ലാത്തതിനാൽ ഇഴജന്തുക്കളുടെ താവളമായിരിക്കുകയാണ് ഇവിടം. രാവിലെ ജോലിക്കെത്തുന്ന ഹെൽപ്പറും വർക്കറും പരിസരവും സസൂക്ഷ്മം നിരീക്ഷിച്ച് വൃത്തിയാക്കിയ ശേഷമാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്.

അപകടഭീഷണിയും

25 ഓളം കുട്ടികളുണ്ടായിരുന്ന അങ്കണവാടിയിൽ നിലവിൽ 5 പേർ മാത്രമാണുള്ളത്. അപകടഭീഷണി കണക്കിലെടുത്താണ് കുട്ടികളെ വിടാത്തതെന്നാണ് സമീപ പ്രദേശത്തെ രക്ഷിതാക്കൾ പറയുന്നത്. കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാനുള്ള ഗ്യാസ് സ്റ്റൗവിന്റെ ഗതിയും പരിതാപകരമാണ്. ഗ്യാസ് സ്റ്റൗവിന് പുറത്ത് കല്ലുകൾ പെറുക്കി വച്ചാണ് ഇവിടെ പാചകം നടത്തുന്നത്. ഗ്യാസ് അടുപ്പിൽ നിന്ന് ഗ്യാസ് ലീക്കായി തുടങ്ങിയിട്ട് ദിവസങ്ങളായി.

നടപടി മാത്രമില്ല

10 വർഷം മുമ്പാണ് തവരവിളയിൽ സാംസ്കാരിക നിലയവും അങ്കണവാടി കെട്ടിടവും ഉദ്ഘാടനം ചെയ്തത്. 10 വർഷം പിന്നിട്ടപ്പോഴാണ് കെട്ടിടം ശോചനീയാവസ്ഥയിലായത്. അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും കെട്ടിടത്തിന്റെ ശോചനീയാവസ്ഥയാണ് ഏറെ വെല്ലുവിളി. കുരുന്നുകളുടെ ജീവനെ ബാധിക്കുമെന്നതിനാൽ അങ്കണവാടിയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ഇവിടെ മാറി മാറി വന്ന വർക്കർമാരും ഹെൽപ്പർമാരുടമക്കം അധികൃതരെ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

പുതിയ കെട്ടിടം വേണം

കെട്ടിടത്തിന്റെ അവസ്ഥ ശോചനീയാവസ്ഥയിലായതോടെ ഈ അവസ്ഥയിൽ കുട്ടികളെ അങ്കണവാടിയിലേക്ക് അയയ്ക്കാൻ രക്ഷകർത്താക്കൾ മടിക്കുന്നു. അങ്കണവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. അങ്കണവാടിക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തിൽ സത്വര നടപടി വേണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് നഗരസഭയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്.