തിരുവനന്തപുരം : വിദ്യാർത്ഥികളെ പഠിപ്പിക്കാനും ദിനംപ്രതിയെത്തുന്ന നൂറുകണക്കിന് രോഗികളെ ചികിത്സിക്കാനും മതിയായ ഡോക്ടർമാരില്ലാത്ത തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ പ്രതിസന്ധി. ഡോക്ടർമാരെ മെഡിക്കൽ കോളേജിന് പുറത്തേക്ക് മറ്റ് ഡ്യൂട്ടികൾക്ക് നിയോഗിക്കാനാണ് നീക്കം. ഇത് രോഗീപരിചരണത്തെയും അദ്ധ്യാപനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.

അദ്ധ്യാപകരെ പി.എസ്.സി കായികക്ഷമത പരിശോധനയ്ക്കും വി.ഐ.പി ഡ്യൂട്ടിക്കും വേണ്ടി വ്യാപകമായി നിയോഗിക്കാൻ തിരക്കിട്ട ശ്രമം നടക്കുന്നതായി മെഡിക്കൽ കോളേജ് അദ്ധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എ ആരോപിച്ചു. കായികക്ഷമതാ പരിശോധനയ്ക്ക് സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ ആവശ്യമില്ല, എന്നാൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വേണമെന്നാണ് പി.എസ്.സിയുടെ വാശി. മെഡിക്കൽ കോളേജ് അദ്ധ്യാപകർക്ക് അദ്ധ്യാപനം,ഗവേഷണം,ചികിത്സ എന്നിവയാണ് ചുമതല. എന്നാൽ നിലവിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധന വന്നതോടെ അതിന് ആനുപാതികമായ അദ്ധ്യാപകരുടെ എണ്ണത്തിൽ വർദ്ധനയില്ല. ഈ സാഹചര്യത്തിലാണ് മറ്റു ഡ്യൂട്ടികളിലേക്ക് നിയോഗിക്കാൻ ശ്രമിക്കുന്നത്. ഈ ഡ്യൂട്ടികളിൽ ഒരുകാരണവശാലും സഹകരിക്കില്ലെന്ന നിലപാടിലാണ് കെ.ജി.എം.സി.ടി.എ. അദ്ധ്യാപകരെ നിർബന്ധമായി ഇത്തരം ഡ്യൂട്ടികളിൽ നിയോഗിച്ചാൽ പ്രത്യക്ഷസമരത്തിലേക്ക് ഇറങ്ങുമെന്ന് കെ.ജി.എം.സി.ടി.എ യൂണിറ്റ് പ്രസിഡന്റ് ഡോ.ആർ.സി ശ്രീകുമാറും സെക്രട്ടറി ഡോ.റോസ്നാര ബീഗവും വ്യക്തമാക്കി.