ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാരുടെ മുറി പൂട്ടിയതിൽ പ്രതിഷേധിച്ച് സൂപ്രണ്ട് ഓഫീസ് മറ്റൊരു താഴിട്ട് പൂട്ടിയ എസ്.എ.ടിയിലെ ആംബുലൻസ് ഡ്രൈവറെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്‌തു. സൂപ്രണ്ട് ഡോ. നിസാറുദ്ദീന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പത്തനാപുരം സ്വദേശി ആത്മാനന്ദനാണ് (49) പിടിയിലായത്.
ആശുപത്രി സംരക്ഷണനിയമം, ഡ്യൂട്ടി തടസപ്പെടുത്തൽ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ പിടികൂടിയത്. ആംബുലൻസ് ഡ്രൈവർമാർ ഉപയോഗിക്കുന്ന മുറിയെക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ മുറി പൂട്ടാൻ നേരത്തെ ഉന്നതസമിതി തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം അനുമതിയില്ലാതെ ആംബുലൻസ് ഡ്രൈവർമാർ കൂട്ട അവധിയെടുത്തത് വാർത്തയായിരുന്നു. തുടർന്ന് രജിസ്റ്ററുകൾ പരിശോധിക്കുകയും പ്രവർത്തനം തൃപ്‌തികരമല്ലെന്ന് ബോദ്ധ്യപ്പെടുകയും ചെയ്‌തതോടെയാണ് കടുത്ത നടപടി സ്വീകരിക്കാൻ അധികൃതർ നിർബന്ധിതരായത്.
പൂട്ടിയ മുറിക്ക് പകരമായി മറ്റൊരു മുറി അനുവദിച്ചെങ്കിലും ജീവനക്കാർ സൂപ്രണ്ടിനെതിരെ തിരിയുകയായിരുന്നു. അറസ്റ്റിലായ ജീവനക്കാരനെ ഇന്നലെ വൈകിട്ടോടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി.