
തിരുവനന്തപുരം: കേരള വി. സിയെ തിരഞ്ഞെടുക്കുന്ന സെർച്ച് കമ്മിറ്റിയിലെ പ്രതിനിധിയെ നിശ്ചയിക്കാൻ ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് സെനറ്റ് യോഗം ഇന്നലെ വിളിച്ചെങ്കിലും ക്വോറം തികയ്ക്കാതെ ഗവർണറെ കബളിപ്പിച്ചു. 102അംഗ സെനറ്റിൽ ക്വോറത്തിന് അഞ്ചിലൊന്ന് ( 21 പേർ ) വേണം. വി.സിയടക്കം 13പേരേ എത്തിയുള്ളൂ. ഇവരുടെ ഹാജർ രേഖപ്പെടുത്തി യോഗം പിരിഞ്ഞു.
പി. വി. സി ഡോ.പി.പി.അജയകുമാറും ഗവർണർ നാമനിർദ്ദേശം ചെയ്ത 13 പ്രമുഖരിൽ 11പേരും എക്സ് ഒഫിഷ്യോ അംഗങ്ങളായ ആറ് ഐ.എ.എസുകാരും വിട്ടുനിന്നു. യോഗത്തിൽ പങ്കെടുക്കാത്തതിന് ഗവർണർക്ക് വിശദീകരണം നൽകണമെന്ന് ഭയന്ന് ഡോ. പി.പി. അജയകുമാർ ഇന്നലത്തെ യോഗങ്ങളെല്ലാം റദ്ദാക്കി സ്ഥലംവിട്ടു.
സെനറ്റ് വിളിക്കാനുള്ള തന്റെ നിർദ്ദേശം അവഗണിച്ചത് കൃത്യവിലോപമായി കണക്കാക്കി വി.സിയെ സസ്പെൻഡ് ചെയ്യാനോ പുറത്താക്കാനോ ഗവർണർക്ക് കഴിയുമായിരുന്നു. അതൊഴിവാക്കാനാണ് യോഗം വിളിച്ചത്. സെനറ്റിന്റെ പ്രതിനിധിയില്ലാതെ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി റദ്ദാക്കണമെന്ന് ആഗസ്റ്റ് 20ന് സെനറ്റ് പാസാക്കിയ പ്രമേയം ഗവർണർ അംഗീകരിക്കാത്തതിനാൽ പ്രതിനിധിയെ നിശ്ചയിക്കേണ്ടതില്ലെന്നാണ് എൽ.ഡി.എഫ് അംഗങ്ങളുടെ നിലപാട്. ഇവർ സെനറ്റ് ഹാളിൽ എത്തിയില്ല. യോഗം ചേർന്നാൽ സംസ്‌കൃത സർവകലാശാലാ മുൻ വി.സി എം.സി ദിലീപ് കുമാറിനെ സെനറ്റ് പ്രതിനിധിയായി യു.ഡി.എഫ് അംഗങ്ങൾ നിർദ്ദേശിക്കാനിരുന്നതാണ്. യോഗം ചേർന്നെങ്കിൽ ഇത് അംഗീകരിക്കാൻ വി.സി ബാദ്ധ്യസ്ഥനാവുമായിരുന്നു. അത് ഒഴിവാക്കാനാണ് ക്വോറം തികയ്ക്കാതിരുന്നത്. വി.സി ഡോ.വി.പി മഹാദേവൻ പിള്ളയുടെ കാലാവധി 24ന് അവസാനിക്കും. സെനറ്റ് പ്രതിനിധിയുടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് എം.എൽ.എമാരായ എം.വിൻസെന്റ്, സി.ആർ.മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ സെനറ്റ് ഹാളിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
ഇനി ഇങ്ങനെ
1)സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാത്തതിനാൽ രണ്ടംഗ സെർച്ച് കമ്മിറ്റിയുടെ നടപടികൾ തുടരാൻ ഗവർണർ നിർദ്ദേശിച്ചേക്കും.
2)പുതിയ വി.സിയെ കണ്ടെത്താനുള്ള വിജ്ഞാപനം ഉടനിറക്കും. വി.സി അപേക്ഷകരെ കണ്ടെത്താൻ രാജ്യമാകെ പത്രപരസ്യം നൽകും. അപേക്ഷകൾ സ്വീകരിക്കാൻ വെബ് സൈറ്റ് ആരംഭിക്കും. സെർച്ച് കമ്മിറ്റിയുടെ യോഗം രാജ്ഭവനിലോ കോഴിക്കോട് ഐ.ഐ.എമ്മിലോ ചേരും.
3)സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന തന്റെ പ്രതിനിധികളെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ട്.