abicharam

തിരുവനന്തപുരം: അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തടയാൻ എട്ടുവർഷം മുമ്പ് കരട് ബിൽ തയ്യാറായിട്ടും അതു നിയമമാക്കാൻ സർക്കാരുകൾ താത്പര്യം കാട്ടിയില്ല.

2014 ജൂലായിൽ കരുനാഗപ്പള്ളിയിലെ തഴവയിലും ആഗസ്റ്റിൽ പൊന്നാനിയിലും ഓരോ സ്ത്രീകൾ ദുർമന്ത്ര കൊലപാതകങ്ങൾക്ക് ഇരയായ പശ്ചാത്തലത്തിലാണ് അടിയന്തരമായി നിയമം കൊണ്ടുവരാൻ നടപടി തുടങ്ങിയത്. അതിൽ അമാന്തം വരുത്തിയതാണ് ഇപ്പോൾ ഇലന്തൂരിൽ രണ്ടു സ്ത്രീകളുടെ ജീവൻ കവർന്നതെന്ന ആക്ഷേപം ശക്തമായി.

എ.ഡി.ജി.പിയായിരിക്കേ എ ഹേമചന്ദ്രൻ തയ്യാറാക്കി നൽകിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി 2014ൽ യു.ഡി.എഫ് സർക്കാരാണ് കരട് ബിൽ അവതരിപ്പിച്ചത്. ഇടതുസർക്കാർ വന്നപ്പോൾ ബില്ലിന്റെ പരിധി വിശാലമാക്കാനായി നിയമപരിഷ്കാരകമ്മിഷന് വിട്ടു. കമ്മിഷൻ പരിഷ്കരിച്ച ബിൽ കഴിഞ്ഞ വർഷം ഒക്ടോബർ 31ന് സർക്കാരിന് കൈമാറി.

2014ന് ശേഷം രണ്ട് സർക്കാരുകൾ വന്നു. പതിനാലാം നിയമസഭയിൽ കോൺഗ്രസ് അംഗം അന്തരിച്ച പി.ടി. തോമസും (2017) ഇപ്പോഴത്തെ നിയമസഭയിൽ സി.പി.എം അംഗം കെ.ഡി. പ്രസേനനും (2021) സ്വകാര്യബില്ലുകൾ കൊണ്ടുവന്നു. സർക്കാർ ബിൽ കൊണ്ടുവരുമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയാണ് സ്വകാര്യബില്ലുകൾ സഭ തള്ളിയത്.

കഴിഞ്ഞ വർഷം ആഗസ്റ്റ് ആറിനാണ് പ്രസേനൻ ബില്ലവതരിപ്പിച്ചത്. നിയമപരിഷ്കാരകമ്മിഷന്റെ പരിഗണനയിലാണ് സർക്കാരിന്റെ കരട് ബില്ലെന്നാണ് അന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കെ. രാധാകൃഷ്ണൻ നൽകിയ മറുപടി. നിയമപരിഷ്കാര കമ്മിഷൻ റിപ്പോർട്ടും കരട് ബില്ലും സംബന്ധിച്ച് അഭിപ്രായശേഖരണം നടത്തി വരികയാണെന്നാണ് നിയമവകുപ്പ് വൃത്തങ്ങൾ പറയുന്നത്.

 കരട് ബിൽ

ദി കേരള പ്രിവൻഷൻ ആൻഡ് എറാഡിക്കേഷൻ ഒഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക്ക് മാജിക് ബിൽ.

(അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുർമന്ത്രവാദവും ഇല്ലാതാക്കലും നിരോധിക്കലും ബിൽ)

ആഭിചാരത്തിന് 7 വർഷം തടവ്,

കൊലപാതകത്തിന് വധശിക്ഷ

# അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്താൽ

ഒരു വർഷം മുതൽ 7 വർഷം വരെ തടവ്, 5000 മുതൽ 50,000 രൂപ വരെ പിഴ.

# ആരുടെയെങ്കിലും അനുമതിയോടെ ആഭിചാരം നടന്നാലും അതിനെ അനുമതിയായി കണക്കാക്കില്ല.

# മരണമുണ്ടായാൽ ഐ.പി.സി 300 പ്രകാരമുള്ള കൊലക്കുറ്റം.വധശിക്ഷവരെ നൽകാം. ഗുരുതര പരിക്കാണെങ്കിൽ ഐ.പി.സി 326 പ്രകാരം ശിക്ഷ.

#അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയാലും ഒരു വർഷം മുതൽ 7 വർഷം വരെ തടവും 5000 മുതൽ 50,000 രൂപ വരെ പിഴയും.

#കമ്പനിയാണ് തട്ടിപ്പിനുത്തരവാദിയെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി.

#തട്ടിപ്പ് കേന്ദ്രത്തിൽ തെരച്ചിലിനും രേഖകൾ പിടിച്ചെടുക്കുന്നതിനും പൊലീസിന് അധികാരം.

#മതസ്ഥാപനങ്ങളിൽ നടക്കുന്ന ജീവന് ഹാനിയാകാത്ത ആചാരങ്ങളെയും ആഘോഷങ്ങളെയും ഒഴിവാക്കി.

# സർക്കാർ ബോധവത്കരണം നടത്തണം, ഇരകൾക്ക് മതിയായ ചികിത്സയും കൗൺസലിംഗും വേണം.