
തിരുവനന്തപുരം: മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ഇലന്തൂരിലുണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സെപ്തംബർ 26ന് കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിന്റെ അന്വേഷണത്തിലാണ് ഈ കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത്.പ്രതികളുടെ മൊഴിയിൽ അന്ധവിശ്വാസത്തിന്റെ ഭാഗമായി നടത്തിയ കൊലപാതകങ്ങളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.ഒരു മിസ്സിംഗ് കേസിൽ നിന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലിലെത്തിയത്.
അന്ധവിശ്വാസങ്ങളെ മുറുകെപിടിച്ച് സമ്പത്തിന് വേണ്ടി മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയെന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണ്.ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടികൾക്കൊപ്പം ജാഗ്രതയോടെ പൊതു ശ്രദ്ധയിൽ കൊണ്ടുവന്ന് അവയ്ക്ക് തടയിടണം.ഈ കുറ്റകൃത്യത്തിൽ പങ്കാളികളായവരെ എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കാനുള്ള അന്വേഷണം നടക്കുകയാണ്. കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അങ്ങേയറ്റം ഞെട്ടിക്കുന്നത്:
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കൊച്ചി: കേരളത്തിൽ നരബലി നടന്നെന്ന വാർത്ത അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്നും ഇപ്പോൾ നടക്കുന്ന പലകാര്യങ്ങളും പരിധി കടന്ന അസംബന്ധങ്ങളാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കുശേഷം കേസുകൾ പരിഗണിക്കുന്നതിനിടെയായിരുന്നു പരാമർശം. ഉച്ചഭക്ഷണത്തിന് ചേംബറിലേക്ക് പോയപ്പോഴാണ് നരബലിയുടെ വാർത്ത അറിഞ്ഞതെന്നും കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് താൻ അത്ഭുതപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
ആധുനികതയിലേക്കുള്ള യാത്രയിൽ എവിടെയോ നമുക്ക് വഴി തെറ്റുന്നുണ്ട്. ആളുകൾ അസ്വാഭാവികമായാണ് പെരുമാറുന്നത്. ഇതൊക്കെ കണ്ടാണ് പുതിയ തലമുറ വളരുന്നതെന്ന് ഓർമ്മവേണം. തന്റെ 54 വയസ്സിനിടെ ഇത്തരമൊരു സംഭവം കേരളത്തിൽ ഒരിക്കൽ പോലും കേട്ടിരുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കോടതി മുറിയിലുണ്ടായിരുന്ന ചില അഭിഭാഷകരും ഈ അഭിപ്രായത്തോട് യോജിച്ചു.