തിരുവനന്തപുരം: റിട്ട. കൊളീജിയറ്റ് എഡ്യുക്കേഷൻ വകുപ്പ് ജീവനക്കാരി കേശവദാസപുരം രക്ഷാപുരി റോഡ് മീനംകുന്നിൽ ദിനരാജിന്റെ ഭാര്യ മനോരമയെ (68) പട്ടാപ്പകൽ കൊലപ്പെടുത്തി അയൽവീട്ടിലെ കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ കേസിൽ പ്രതി ബംഗാൾ കുച്ച് ബിഹാർ സ്വദേശി ആദം അലിക്കെതിരെ (21) മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.

സംഭവം നടന്ന് 63 ദിവസത്തിനകമാണ് മെഡിക്കൽ കോളേജ് സി.ഐ ഹരിലാൽ തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 7നാണ് നഗരത്തെ നടുക്കിയ അരുംകൊല നടന്നത്. മുൻകൂട്ടി ആസൂത്രം നടത്തിയാണ് മനോരമയെ ഭർത്താവ് ദിനരാജ് സ്ഥലത്തില്ലാത്ത തക്കം നോക്കി കൊലപ്പെടുത്തിയത്. കവർച്ചാശ്രമത്തിനിടെയായിരുന്നു കൊലപാതകം. തുടർന്ന് മനോരമയുടെ വീട്ടിൽ കവർച്ചയ്ക്കായി ആദംഅലി തെരച്ചിൽ നടത്തിയെങ്കിലും യാതൊന്നും ലഭിച്ചിരുന്നില്ല.

മനോരമ അണിഞ്ഞിരുന്ന താലിമാലയും വളയും മറ്റും നഷ്ടപ്പെട്ടതായി കരുതിയിരുന്നെങ്കിലും അത് പിന്നീട് വീട്ടിൽ സുരക്ഷിതമായ സ്ഥലത്തു നിന്ന് ബന്ധുക്കൾക്ക് ലഭിച്ചിരുന്നു. മനോരമയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അയൽവീട്ടിൽ നിർമ്മാണ ജോലിക്കെത്തിയ ആദംഅലി മനോരമയെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.

സംഭവത്തിനുശേഷം രക്ഷപ്പെട്ട ആദം അലിയെ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടർന്ന് ചെന്നൈയിൽ നിന്ന് പിടികൂടുകയായിരുന്നു. ആദം അലി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ശാസ്ത്രീയ തെളിവുകൾക്ക് പുറമേ 65 സാക്ഷികളും 30 തൊണ്ടിമുതലുകളും 58 രേഖകളും ഉൾപ്പെടെ 300 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.