mula

തിരുവനന്തപുരം: ഉത്തർ പ്രദേശിലെ സ്‌കൂളുകളിലുള്ള കേരളത്തിൽ നിന്നുള്ള കവിദ്യാർത്ഥികൾക്ക് മലയാളം പഠിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചത് മുലായംസിംഗ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്ന് സമാജ് വാദി പാർട്ടി നേതാവും മലയാളിയുമായ ജോ ആന്റണി പറഞ്ഞു. എസ്.പി ദേശീയ സെക്രട്ടറിയും കേന്ദ്രപാർലമെന്ററി ബോർ‌ഡ് അംഗവുമായ കൊച്ചി സ്വദേശി ജോ ആന്റണിക്ക് മുലായവുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയാൻ ഓർമ്മകളേറെയുണ്ട്. ഡൽഹിയിലെ വിദ്യാഭ്യാസ കാലത്താണ് ജോ എസ്.പിയിൽ അംഗമായത്.

എ.പി.ജെ. അബ്ദുൾ കാലമിനെ രാഷ്ട്രപതിയാക്കണമെന്ന നിർദ്ദേശം ആദ്യമായി മുന്നോട്ടു വച്ചത് മുലായമാണെന്നതും ജോ അനുസ്മരിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്കായി നില കൊണ്ട നേതാവായിരുന്നു അദ്ദേഹം. ഒന്നാം യു.പി.എ സർക്കാർ അധികാരത്തിലെത്തുമ്പോൾ സമാജ് വാദി പാർട്ടി അംഗമായിരുന്നില്ലെങ്കിലും ആണവ ബില്ല് അവതരിപ്പിച്ചപ്പോൾ പിന്തുണച്ചത് രാഷ്ട്ര സുരക്ഷ മുന്നിൽക്കണ്ടാണ്. മലപ്പുറത്തെ പൂക്കോട്ടൂർ ലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാരിന് മുന്നിൽ അവതരിപ്പിച്ചതും മുലായമായിരുന്നു.

1992ൽ ലക്നൗവിൽ സമാജ് വാദി പാർട്ടിയുടെ ദേശീയ സമ്മേളനം നടക്കുമ്പോൾ തിരഞ്ഞെടുക്കപ്പെട്ട 22 കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ കേരളത്തിൽ നിന്നുള്ള ഏക പ്രാതിനിദ്ധ്യം ജോ ആന്റണിയുടേതായിരുന്നു. മുലായത്തിന് പുറമെ അഖിലേഷ് യാദവുമായും വർഷങ്ങളുടെ വ്യക്തിബന്ധമുണ്ട്. ഇന്നലെ നടന്ന മുലായത്തിന്റെ സംസ്‌കാര ചടങ്ങിലും അഖിലേഷിനൊപ്പം ജോ പങ്കെടുത്തു.