തിരുവനന്തപുരം: സ്വകാര്യ ഹോട്ടലിന് പാർക്കിംഗിനായി പി.ഡബ്ളിയു.ഡി റോഡ് വാടകയ്‌ക്ക് നൽകിയ കോർപ്പറേഷന്റെ നടപടിയെച്ചൊല്ലി സി.പി.എമ്മിനെതിരെ ബി.ജെ.പി,​ കോൺഗ്രസ് അംഗങ്ങളുടെ രൂക്ഷവിമർശനം.

റോഡ് വാടകയ്‌ക്ക് നൽകിയതിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ടായിരുന്നു കൗൺസിൽ യോഗത്തിൽ ഇവരുടെ പ്രതിഷേധം. വാടക കരാർ റദ്ദാക്കിയെങ്കിലും കുറ്റം കുറ്റമല്ലാതാകുന്നില്ലെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്ത് അധികാരം ഉപയോഗിച്ചാണ് സ്വകാര്യ സ്ഥാപനത്തിന് സർക്കാർ റോഡ് പാർക്കിംഗിന് നൽകിയതെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി കക്ഷി നേതാവ് എം.ആർ. ഗോപനും ക്രമക്കേടിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരുന്നതുവരെ യു.ഡി.എഫ് പോരാടുമെന്ന് യു.ഡി.എഫ് കക്ഷി നേതാവ് പി. പദ്‌മകുമാറും പറഞ്ഞു. സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യണമെന്ന് കരമന അജിത്ത് യോഗത്തിൽ ആവശ്യപ്പെട്ടു.

അനധികൃത കരാറിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടികൾ തുടരുമെന്ന് തിരുമല അനിൽ പറഞ്ഞു. കരാറിന് പിന്നിൽ അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് ജോൺസൺ ജോസഫ് ആരോപിച്ചു. രാജ്യത്തിന്റെ പൊതുസ്വത്തുക്കൾ വിറ്റുതുലയ്‌ക്കുന്ന ബി.ജെ.പി നടത്തുന്നത് ചാരിത്ര്യ പ്രസംഗമാണെന്ന് ഡി.ആർ. അനിൽ പറഞ്ഞു. മേയർ അദ്ധ്യക്ഷയായ ട്രാഫിക് കമ്മിറ്റിയാണ് തീരുമാനമെടുത്തതെന്നും ഈ കമ്മിറ്റിയിൽ പൊലീസ് ഉദ്യോഗസ്ഥരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നെന്ന് എസ്. സലീമും ചൂണ്ടിക്കാട്ടി.

ഉപദേശക സമിതി ചർച്ച ചെയ്‌തെടുത്ത തീരുമാനമാണെന്നും കരാർ സംബന്ധിച്ച് പരിശോധിച്ച് സർക്കാരിനടക്കം റിപ്പോർട്ട് നൽകുമെന്നും മേയർ ആര്യാ രാജേന്ദ്രൻ കൗൺസിലിൽ മറുപടി നൽകി. അതേസമയം കരാറിന്റെ നിയമപരമായ സാധുതയെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകാതെ ഭരണപക്ഷം ഒഴിഞ്ഞുമാറി.