തിരുവനന്തപുരം: വീടുകളിൽ സ്ഥാപിക്കാനായി കിച്ചൺ ബിന്നുകൾ വാങ്ങിയ സ്വകാര്യ കമ്പനിക്ക് 1.14 കോടി നൽകാനുള്ള തീരുമാനത്തിൽ നിന്ന് കോർപ്പറേഷൻ പിന്മാറി. അഴിമതി ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾ പൂർത്തിയായശേഷം തുക കൈമാറിയാൽ മതിയെന്ന് ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ തീരുമാനമായി. വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിന് പുറമേ ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

ഒമേഗ എക്കോ ടെക് പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നാണ് അടുക്കള മാലിന്യ സംസ്‌കരിക്കുന്നതിനുള്ള കിച്ചൺ ബിന്നുകൾ കോർപ്പറേഷൻ വാങ്ങിയത്. 29,995 ബിന്നുകൾ വാങ്ങിയതിൽ 12,375 എണ്ണത്തിനുള്ള തുക പൂർണമായി നൽകി. ബാക്കി നൽകാനുള്ള 3.17 കോടി രൂപയിൽ കോർപ്പറേഷന്റെ വിഹിതമായ 87.82 ലക്ഷം രൂപയും നേരത്തെ നൽകി. ശേഷിക്കുന്ന 2.29 കോടി രൂപയുടെ 50 % തുകയായ 1.14 കോടി നൽകാനായിരുന്നു ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മിറ്റിയുടെ തീരുമാനം. അഴിമതി ആരോപണം നേരിടുന്ന കമ്പനിക്ക് തുക കൈമാറിയാലുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം മുന്നിൽക്കണ്ടാണ് തീരുമാനം മാറ്റിയത്.

അതേസമയം കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന് ബി.ജെ.പി കൗൺസിലർ വി.ജി. ഗിരികുമാർ ആരോപിച്ചു. ഹെൽത്ത് സൂപ്പർ വൈസറുടെ റിപ്പോട്ടിൽ ഒമേഗ എക്കോ ടെക്കിൽ നിന്ന് 24,075 ബിന്നുകൾ മാത്രമേ വാങ്ങിയിട്ടുള്ളൂവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1.06 കോടി വിലമതിക്കുന്ന 5920 ബിന്നുകളെ സംബന്ധിച്ചാണ് അദ്ദേഹം സംശയമുന്നയിച്ചത്. ഇക്കാര്യം പരിശോധിക്കാമെന്ന് സ്‌റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പി. ജമീല ശ്രീധരൻ പറഞ്ഞു.

മുൻ ഭരണസമിതിയുടെ കാലത്ത് സ്വകാര്യ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടപ്പോഴേ വിവാദമുണ്ടായിരുന്നു. ശുചിത്വ മിഷൻ നിശ്ചയിച്ചിട്ടുള്ള പരമാവധി നിരക്കായ 1800 രൂപയ്‌ക്ക് ബിന്നുകൾ വാങ്ങുന്നതിലായിരുന്നു പ്രധാനമായും എതിർപ്പ്. ബിന്നുകൾ വീടുകളിൽ സ്ഥാപിക്കുന്നതിലുണ്ടായ വീഴ്‌ചയും വിമർശനത്തിനിടയാക്കി. ഇതിനിടെ ബാക്കി പണം ആവശ്യപ്പെട്ട് കമ്പനി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് തുക നൽകാൻ തീരുമാനിച്ചിരുന്നത്.