തിരുവനന്തപുരം: ലോകം മനഃശാസ്ത്രത്തെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് ഭാരതത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ സൈക്യാട്രിസ്റ്റാണ് ഭഗവാൻ കൃഷ്ണനെന്ന് എഴുത്തുകാരിയും സംവാദകയുമായ തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി പറഞ്ഞു.
സൂര്യ ഫെസ്റ്റിവലിന്റെ 11ാം ദിനത്തിൽ ആരംഭിച്ച പഞ്ചരത്ന വിമെൻ ടാക് ഫെസ്റ്റിവലിൽ മഹത്തായ ഇന്ത്യൻ സംസ്‌കാരം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഗൗരി ലക്ഷ്മിബായി. തന്റെ ബന്ധുക്കളെയും മിത്രങ്ങളെയും എതിർപക്ഷത്തുകണ്ട് മനസു തകർന്നു നിന്ന അർജുനന് 18 ദിവസം കൊണ്ട് ഗീത ഉപദേശിച്ച് മഹാഭാരതയുദ്ധത്തിന് സന്നദ്ധനാക്കിയത് ഭഗവാൻ കൃഷ്ണനാണ്. ഭഗവാൻ തകർന്ന മനസിൽ ധൈര്യം നിറയ്ക്കുകയായിരുന്നു. ഇന്ന് സമൂഹത്തിലുള്ള പല വിഷയങ്ങൾക്കും നൂറ്റാണ്ടു മുമ്പു തന്നെ ഭാരതസംസ്കാരത്തിൽ ഉത്തരമുണ്ടായിരുന്നെന്നും അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി പറഞ്ഞു.
പഞ്ചരത്ന വനിതാ ചലച്ചിത്രോത്സവത്തിൽ വിധു വിൻസെന്റ് ഒരുക്കിയ വൈറൽ സെബിയെന്ന ചിത്രം പ്രദർശിപ്പിച്ചു. ഇന്ന് വൈകിട്ട് 6.45ന് തൈക്കാട് ഗണേശത്തിൽ അടൽ കൃഷ്ണനൊരുക്കിയ വുമൺ വിത്ത് എ മൂവി കാമറ എന്ന ചിത്രം പ്രദർശിപ്പിക്കും.