
മലയിൻകീഴ്: ചെറുകോട് അനധികൃതമായി പ്രവർത്തിക്കുന്ന രണ്ട് പന്നി വളർത്തൽ കേന്ദ്രങ്ങൾ വിളപ്പിൽ ഗ്രാമപഞ്ചായത്ത് അടച്ചുപൂട്ടി. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഫാമിൽ നഗരത്തിലേതുൾപ്പെടെയുള്ള ഹോട്ടൽ മാലിന്യവും പണം കൈപ്പറ്റികൊണ്ടുവരുന്ന മറ്റു മാലിന്യവുമെത്തിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
ഫാമിലെ വൃത്തിഹീനമായ അവസ്ഥ പഞ്ചായത്ത് അധികൃതർ നേരിട്ട് പരിശോധിച്ചതിനെ തുടർന്ന് ആറു മാസം മുൻപ് ഫാം അടയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു.
പന്നിഫാം വീണ്ടും പ്രവർത്തനം തുടർന്നതിനാൽ പ്രവർത്തനം നിറുത്താൻ മൂന്നു പ്രാവശ്യം പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടും ഫാം ഉടമകൾ തയ്യാറായില്ല.ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹനൻ,വൈസ് പ്രസിഡന്റ് ഡി.ഷാജി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും ആരോഗ്യ പ്രവർത്തകരും പൊലീസും സ്ഥലത്തെത്തിയെങ്കിലും ഉടമകളായ അജിത്,രതീഷ് എന്നിവർ ഫാം പൂട്ടിയില്ല.
ഒടുവിൽ ജനപ്രതിനിധികൾ ഫാമിലേയക്കുള്ള റോഡ് ഉപരോധിച്ചു.ഫാം പൂട്ടി പന്നികളെ പൊലീസിന്റെ സഹായത്തോടെ മീറ്റ് പ്രോഡക്ട്‌സ് കോർപ്പറേഷന് കൈമാറാൻ പഞ്ചായത്ത് വാഹനമെത്തിച്ചതോടെ ഉടമകൾ ഫാമിലെ പന്നികളെ സ്വന്തം നിലയ്ക്ക് മാറ്റാൻ തയ്യാറായി. രാത്രി വൈകിയും നൂറുകണക്കിന് പന്നികളെ ഫാമിൽ നിന്ന് നീക്കം ചെയ്തു.