1

പോത്തൻകോട്: വേങ്ങോട്ട് കഴിഞ്ഞ ദിവസം വാഹനമിടിച്ച് ഒന്നര വയസുകാരൻ റയാൻ മരിച്ച സംഭവത്തിൽ ഒരാളെ പോത്തൻകോട് പൊലീസ് അറസ്റ്റുചെയ്‌തു. പോത്തൻകോട്ടെ രാജകുമാരി ജുവലറി ഡ്രൈവറും കളക്ഷൻ ഏജന്റുമായ വേളാവൂർ തൗഫീഖാണ് (25) അറസ്റ്റിലായത്. അപകടമുണ്ടാക്കിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തു.

തിങ്കളാഴ്ച വൈകിട്ട് 6നായിരുന്നു പോത്തൻകോട് വേങ്ങോട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന റയാനെ വാഹനം തട്ടി ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ റോഡിൽ കണ്ടെത്തിയത്. മൂക്കിലും ചെവിയിലും രക്തം വാർന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ചിട്ട വാഹനമേതെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്. കാർ മുന്നോട്ടെടുത്തപ്പോൾ കുഞ്ഞു നിൽക്കുന്നത് കണ്ടില്ലെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. റയാന്റെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് വേങ്ങോട് ജമാഅത്തിൽ കബറടക്കി.