മല്ലപ്പള്ളി : ഏഴു വയസുകാരിക്ക് നേരേ ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കല്ലൂപ്പാറ കുടമാൻകുളം മുടിമല പരിദാംകേരിൽ അനിയൻ എന്ന് വിളിക്കുന്ന സാമൂവൽ (66) ആണ് പോക്സോ കേസിൽ കീഴ് വായ്പ്പൂര് പൊലീസ് അറസ്റ്റു ചെയ്തത്. ഓട്ടോറിക്ഷ യാത്രയ്ക്കിടെ പ്രതി കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയതായി കുട്ടിയുടെ മാതാവ് കീഴ്വായ്പ്പൂര് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പൊലീസ് ഇൻസ്പെക്ടർക്കൊപ്പം, എസ്.ഐ ആദർശ്, എ.എസ്.ഐ അജു കെ.അലി,എസ്.സി.പി.ഒ അൻസിം,സി.പി.ഓമാരായ ജെയ്സൺ,വിജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
പ്രകൃതിവിരുദ്ധ പീഡനം:
46കാരന് ഏഴു വർഷം കഠിന തടവ്
ആലപ്പുഴ : പതിമൂന്നു വയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ ഏഴുവർഷം കഠിന തടവിനും 30,000രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. വൈശ്യംഭാഗം പ്രക്കാട്ട് പറമ്പിൽ സോണിയെയാണ് (സോണിച്ചൻ-46 ) പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴത്തുകയിൽ 25,000 രൂപ കുട്ടിക്കു നൽകാൻ കോടതി നിർദ്ദേശിച്ചു. സൈക്കിളിൽ പോകുമ്പോൾ മഴ പെയ്തതിനെ തുടർന്ന് വീട്ടിൽ കയറി നിന്നപ്പോഴാണ് ആൺകുട്ടിയെ പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സീമ ഹാജരായി.
പീഡനക്കേസിൽ 73 കാരന്
കഠിനതടവും പിഴയും
ആലപ്പുഴ: 11കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ എഴുപത്തിമൂന്നുകാരനെ ഏഴുവർഷം കഠിന തടവിന് ആലപ്പുഴ പോക്സോ കോടതി ശിക്ഷിച്ചു. മണ്ണഞ്ചേരി ആര്യാട് വടക്ക് അശ്വതിഭവനിൽ ശ്രീനിവാസനെയാണ് (73) പോക്സോ കോടതി ജഡ്ജി ആഷ് കെ.ബാൽ ശിക്ഷിച്ചത്. 35,000രൂപ പിഴയും അടയ്ക്കണം. 2015ലാണ് കേസിനാസ്പദമായ സംഭവം. കല്യാണ ചടങ്ങിൽ പങ്കെടുത്ത ഓഡിറ്റോറിയത്തിൽ ഭക്ഷണത്തിനു ശേഷം കൈ കഴുകുന്ന ഭാഗത്ത് വച്ച് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പിഴ അടക്കുന്നതിൽ വീഴ്ചവരുത്തിയാൽ ഒരുവർഷം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സീമ ഹാജരായി.