മലയിൻകീഴ് : വിളവൂൽക്കൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ 29 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധയുണ്ടെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു.ഞായറാഴ്ച രാവിലെ കുരിയോട് ഭാഗത്ത് മൂന്നു പേരെ കടിച്ച നായയെ സമീപത്തെ പുരയിടത്തിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പഞ്ചായത്ത് അധികൃതർ പാലോട് വെറ്ററിനറി ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഇന്നലെ ലഭിച്ച പരിശോധനാഫലത്തിലാണ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ലാലി മുരളി പറഞ്ഞു. തുടർന്നു ചേർന്ന അടിയന്തര പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തെരുവുനായയുടെ കടിയേറ്റ് വാക്‌സിന്‍ സ്വീകരിച്ചവർക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2000-രൂപ വീതം നൽകാൻ തീരുമാനിച്ചു. പഞ്ചായത്തിലെ തെരുവുനായ്ക്കൾക്ക് വാക്‌സിനേഷൻ നൽകാനുള്ള പദ്ധതിക്കും ഭരണസമിതി രൂപം നൽകി.ആറ് ലക്ഷം രൂപ പദ്ധതി വിഹിതമായി അനുവദിക്കും.വളർത്തു നായ്ക്കൾക്ക് വാക്‌സിനെടുക്കാനും ലൈസൻസ് നിർബന്ധമാക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.