
മലയിൻകീഴ്: മലയിൻകീഴ് - പാപ്പനംകോട് റോഡിന്റെ നവീകരണങ്ങൾ പൂർത്തിയായതോടെ ഇവിടെ അപകടങ്ങൾ പതിവായെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. റോഡ് അപകട ഭീതിയിലെന്ന് പറയാം. റോഡിനോടു ചേർന്ന് നിൽക്കുന്ന ബി.എസ്.എൻ.എൽ പോസ്റ്റ് റോഡിനുതന്നെ അപകടക്കെണിയാണ്. രാത്രിയോ പകലോ എന്നില്ലാതെയാണ് പോസ്റ്റിൽ വാഹനങ്ങളിടിച്ച് അപകടങ്ങളുണ്ടാകുന്നത്. ആത്തറ ജംഗ്ഷൻ കഴിഞ്ഞുള്ള വിളവൂർക്കൽ നാലാംകല്ലിന് സമീപത്തെ പോസ്റ്റാണ് അപകടാവസ്ഥയിൽ നിൽക്കുന്നത്. റോഡിലെ കൊടുംവളവും ഇലക്ട്രിക് പോസ്റ്റുകളിൽ ലൈറ്റ് കത്താത്തതും അപകടങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. കൊടുംവളവുകളുള്ള ഈ റോഡിൽ നവീകരണപ്രവർത്തനങ്ങൾ കഴിഞ്ഞതോടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും അപകടങ്ങൾക്ക് കാരണമാണ്.
ശാന്തുമൂല ഭാഗത്ത് നിന്ന് ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന ടെക്നോപാർക്ക്
ജീവനക്കാരനായ യുവാവ് ബൈക്ക് നിറുത്തി ഫോണിൽ സംസാരിക്കവേ, കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മരിച്ചത് അടുത്തിടെയാണ്. ഈ റോഡിലെ പൊതു ഓടകളിൽ സ്ലാബ് ഇടാത്തതും പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കാറുണ്ട്. ഇതേ റോഡിന് സമീപമുള്ള സ്വകാര്യ ടൈൽ വ്യാപാര സ്ഥാപന ജീവനക്കാരൻ ഓടയിൽ വീണ് കണ്ണിന് പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്.
അപകടങ്ങൾ പതിവാകുന്നു
റോഡിൽ നിൽക്കുന്ന പോസ്റ്റിൽ തട്ടി സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീ ഓടയിലേക്ക് വീണതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ യുവാവും ഇതേ സ്ഥലത്ത് പോസ്റ്റിലിടിച്ച് വീണ് അപകടത്തിൽപ്പെട്ടിരുന്നു. രാത്രിയിൽ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ പോസ്റ്റ് ശ്രദ്ധയിൽപ്പെടാതെ വന്നിടിച്ച് മറിയുന്ന അവസ്ഥയും പതിവെന്നാണ് നാട്ടുകാർ പറയുന്നത്. വൈദ്യുതി ലൈറ്റുകൾ കത്താതായതോടെ അപകടങ്ങളുടെ എണ്ണവും ദിനം പ്രതി കൂടുകയാണ്.സഞ്ചാരയോഗ്യമല്ലാതെ കുണ്ടും കുഴിയുമായി കിടന്ന മലയിൻകീഴ് - പാപ്പനംകോട് റോഡ് റബറൈസിഡ് റോഡാക്കി നവീകരിച്ചപ്പോൾ യാത്രക്കാർ സന്തോഷിച്ചിരുന്നു. എന്നാലിന്ന് ഈ റോഡൊരു മരണ വീഥിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ 6 മാസത്തിനിടെ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായത്.
വളവുകളാൽ റോഡ്
മലയിൻകീഴ് - പാപ്പനംകോട് റോഡ് ആരംഭിക്കുന്നതിന് സമീപം ഇലഞ്ഞിമൂട് മുതൽ എസ്റ്റേറ്റ് വരെ 10 കൊടും വളവുകളാണുള്ളത്.എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത വിധമാണ് റോഡിലെ 'റ' വളവ്. റോഡ് നവീകരണം കഴിഞ്ഞിട്ടും വൈറ്റ് ലൈൻ ഇടാത്തതിനാൽ വാഹനങ്ങൾ പലപ്പോഴും സൈഡ് പോലും നോക്കാറില്ല.